ഹൈദരാബാദ്: ചതുർദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസിയുടെ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണറും ഡല്‍ഹിയില്‍ നിന്നുള്ള എംപിയുമായ ഗൗതം ഗംഭീർ. ചതുർദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസി തീരുമാനം ശരിയല്ലെന്നും എത്രയം വേഗം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. തീരുമാനം നടപ്പാകുന്നതോടെ സ്‌പിന്നർമാർ അവഗണിക്കപ്പെടുമെന്നും മത്സരം സമനിലയില്‍ കലാശിക്കുന്നതിന് അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌റ്റ് മത്സരങ്ങളുടെ ഫലവും പിച്ചിന്‍റെ ഘടനയും പരിഗണിച്ചാണ് ഗൗതം ഗംഭീർ ഇക്കാര്യം വ്യക്തമാക്കിയത്. ചതുർദിന ടെസ്റ്റ് മത്സരം നടത്താനുള്ള തീരുമാനം നീതികേടാണെന്ന് നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വ്യക്തമാക്കിയിരുന്നു.
ചതുർദിന ടെസ്‌റ്റ്; തീരുമാനം പിന്‍വലിക്കണമെന്ന് ഗംഭീർ - ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് വാർത്ത
ലോക ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി 2023 മുതല്‍ ചതുർദിന ടെസ്റ്റ് മത്സരം നടത്താനുള്ള ഐസിസിയുടെ നീക്കം അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണർ ഗൗതം ഗംഭീർ.
കോലി ഉൾപ്പെടെ നിരവധി പേരാണ് ചതുർദിന ടെസ്‌റ്റ് മത്സരത്തിനെതിരെ അഭിപ്രായ പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം വെർണോണ്‍ ഫിന്‍ലാന്‍ഡറും മുന്‍ ഓസ്‌ട്രേലിയന്‍ താരം മഗ്രാത്തും എതിരഭിപ്രായപ്രകടനം നടത്തിയിരുന്നു.
2023 മുതല്‍ ലോക ടെസ്റ്റ് ചാമ്പന്‍ഷിപ്പിന്‍റെ ഭാഗമായി ചതുർദിന ടെസ്റ്റ് മത്സരം നടത്താനാണ് ഐസിസി നീക്കം നടത്തുന്നത്. നിരവധി കാരണങ്ങളാണ് ഐസിസിയുടെ ഈ നീക്കത്തിന് പിന്നില്‍. മത്സരങ്ങളുടെ സമയക്രമവുമായി ബന്ധപ്പെട്ട് ഐസിസിക്ക് അനുഭവിക്കേണ്ടി വരുന്ന സമ്മർദവും ടെസ്റ്റ് പരമ്പരകൾ നടത്താനുള്ള ചെലവും ആഭ്യന്തര ട്വന്‍റി-20 ലീഗുകളുടെ വളർച്ചയും ബിസിസിഐ ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾക്കായി സമയം കണ്ടെത്താന്‍ പ്രയാസം അനുഭവിക്കുന്നതും ഐസിസിയുടെ ഈ നീക്കത്തിന് കാരണമാകുന്നുണ്ട്.