ഹൈദരാബാദ്:ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിങ്. സ്‌റ്റുവര്‍ട്ട് ബ്രോഡിന്‍റെ 500 വിക്കറ്റ് നേട്ടം തമാശയല്ല. 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രോഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തിലാണ് ബ്രോഡ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
ആ സിക്‌സുകളുടെ കാര്യം മറന്നേക്കൂ; സ്റ്റുവർട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവി
വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് സ്റ്റുവര്‍ട്ട് ബ്രോഡ് 500 വിക്കറ്റ് നേട്ടം കൊയ്‌തത്.
ബ്രോഡിന്‍റെ നേട്ടത്തെ അഭിനന്ദിക്കണമെന്ന് തന്‍റെ എല്ലാ ആരാധകരോടും യുവി ആവശ്യപെട്ടു. കഠിനാധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമായാണ് ബ്രോഡിന്‍റെ വിക്കറ്റ് നേട്ടമെന്നും യുവി കുറിച്ചു. 2007ലെ ടി-20 ലോകകപ്പില്‍ യുവിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ ബ്രോഡ് ഒരു ഓവറില്‍ ആറ് സിക്‌സുകളാണ് ഏറ്റുവാങ്ങിയത്. ബ്രോഡിനെ കുറിച്ച് യുവരാജ് പരാമര്‍ശിക്കുമ്പോഴെല്ലാം ആറ് സിക്‌സുകളുമായാണ് ആരാധകര്‍ താരതമ്യം ചെയ്യാറുള്ളത്. " ആ ആറ് സിക്‌സുകളുടെ കാര്യം മറന്നേക്കൂവെന്നാണ് " മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ യുവ്‌രാജ് സിങ്ങ് ട്വീറ്റ് ചെയ്തത്.
500 വിക്കറ്റ് നേട്ടം കൊയ്‌ത ബ്രോഡ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും നേട്ടം കൊയ്‌തു. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ ബ്രോഡ് മൂന്നാമതായി. അതേസമയം ഇന്ത്യന്‍ താരം ജസ്‌പ്രീത് ബുമ്ര ഒരു സ്ഥാനം താഴേക്ക് പോയി എട്ടാമതായി. പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഓസിസ് താരം പാറ്റ് കമ്മിന്‍സാണ്.