ന്യൂഡല്‍ഹി: രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ക്രിക്കറ്റ് താരം പ്രിഥ്വി ഷാ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനൊപ്പം ചേരും. മഹാരാഷ്‌ട്രക്കായി കളിച്ച താരത്തിന് തോളെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നേരത്തെ രഞ്ജി ട്രോഫി മത്സരങ്ങൾ ഉൾപ്പെടെ നഷ്‌ടമായിരുന്നു. പരിക്ക് കാരണം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു. പരിക്ക് ഭേദമായ താരം വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ന്യൂസിലാന്‍ഡിലേക്ക് പുറപ്പെടുമെന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി. ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ പ്രിഥ്വി ഷായെ സെലക്‌ടർമാർ പരിഗണിച്ചേക്കും.
പരിക്ക് ഭേദമായി; പ്രിഥ്വി ഷാ ഇന്ത്യന്‍ എ ടീമിനൊപ്പം ചേരും - എന്‍സിഎ വാർത്ത
നേരത്തെ രഞ്ജി ട്രോഫി മത്സരത്തിനിടെ തോളിന് പരിക്കേറ്റത് കാരണം പ്രിഥ്വി ഷാ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്നു
ഇന്ത്യൻ ടെസ്റ്റ് ടീമിലെ റിസർവ് ഓപ്പണറുടെ സ്ഥാനത്തിനായി പൃഥ്വിയും പഞ്ചാബിന്‍റെ ശുബ്‌മാൻ ഗില്ലും മത്സരിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് പ്രിഥ്വിക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ശുബ്‌മാൻ ഗില്ലിനെ റിസർവ് ഓപ്പണറുടെ സ്ഥാനത്തേക്ക് പരിഗണിച്ചത്. 2018-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് പ്രിഥ്വി തന്‍റെ അന്താരാഷ്‌ട്ര കരിയറിന് തുടക്കം കുറിക്കുന്നത്. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും അടക്കം 237 റണ്‍സാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡും പരമ്പയില്‍ 134 റണ്‍സെടുത്ത് പുറത്തായ താരം സ്വന്തമാക്കി. അണ്ടർ 19 ടീമിന്‍റെ നായകനായിരുന്ന ഷാ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയെ കിരീട നേട്ടത്തിലേക്കും നയിച്ചു.