സിഡ്‌നി:ഓസ്‌ട്രേലയിയില്‍ പടർന്ന് പിടിക്കുന്ന കാട്ടുതീയെ പ്രതിരോധിക്കുന്നവർക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുന്‍ ഓസിസ് വൈസ് ക്യാപ്റ്റന്‍ കൂടിയായ വാർണർ പിന്തുണ അറിയിച്ചത്. കടല്‍തീരത്ത് കാട്ടുതീക്ക് അഭിമുഖമായി നായയോടൊപ്പം പുറംതിരിഞ്ഞിരിക്കുന്നയാളുടെ ചിത്രത്തോടെയാണ് പോസ്‌റ്റ്.
അഗ്നിശമന സേനാംഗങ്ങളാണ് യഥാർത്ഥ ഹീറോകൾ: ഡേവിഡ് വാർണർ - ഡേവിഡ് വാർണർ വാർത്ത
ഓസ്‌ട്രേലിയയില്‍ വന്‍ തോതില്‍ കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സാമൂഹ്യമാധ്യമത്തിലൂടെ അഗ്നിശമന സേനാംഗങ്ങൾക്ക് പിന്തുണ അറിയിച്ചത്
വെള്ളിയാഴ്ച്ച സിഡ്‌നിയില്‍ മൂന്നാമത്തെ ടെസ്‌റ്റ് മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച്ചയാണ് താരം ഇതുസംബന്ധിച്ച പോസ്‌റ്റ് ചെയ്‌തത്. അഗ്നിശമന സേനാംഗങ്ങൾക്ക് ഒപ്പം താനും കുടുംബവും ഉണ്ടെന്ന ് താരം പറഞ്ഞു. വാക്കുകൾക്ക് അപ്പുറമാണ് ഈ തീപ്പിടുത്തം. എല്ലാ അഗ്നിശമന സേനാംഗങ്ങൾക്കും വളണ്ടിയർമാർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം ഞങ്ങളുണ്ട്. നിങ്ങളാണ് യഥാർത്ഥ ഹീറോകൾ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നവെന്നും ഡേവിഡ് വാർണർ പറഞ്ഞു. മൂന്ന് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പര നേരത്തെ ആതിഥേയർ 2-0ത്തിന് സ്വന്തമാക്കിയിരുന്നു.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ഓസ്‌ട്രേലിയ വീണ്ടും ഒരാഴ്ച്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറില്‍ ആരംഭിച്ച കാട്ടുതീയില്‍ ഇതിനകം 18 പേരാണ് മരിച്ചത്. 1,200 വീടുകള്‍ അഗ്നിക്കിരയായി. ലക്ഷക്കണക്കിന് പേരെ താത്ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി.