ഹൈദരാബാദ്:ന്യൂസിലന്‍ഡിനെതിരെ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടും ജയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകൾ. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലുമായാണ് മത്സരങ്ങൾ നടന്നത്. ന്യൂസിലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സീനിയർ ടീമും ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തില്‍ അണ്ടർ-19 ടീമും ജയം സ്വന്തമാക്കിയപ്പോൾ ന്യൂസിലന്‍ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ എ ടീം പരാജയം രുചിച്ചു.
ഇന്ത്യന്‍ സീനിയർ ടീമിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരമാണ് ഇന്നലെ നടന്നത്. ഓക്‌ലാന്‍ഡില്‍ നടന്ന സീനിയർ ടീമിന്‍റെ ആദ്യ ടി20 മത്സരത്തില്‍ ഇരുപക്ഷത്തും ബാറ്റ്‌സ്‌മാന്‍മാര്‍ നിറഞ്ഞാടി. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 204 റണ്‍സ് നേടി. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കോലിപ്പട ആറ് പന്തുകള്‍ ബാക്കി നില്‍ക്കേ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ജയം സ്വന്തമാക്കി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ടി20 മത്സരം കൂടിയാണ് ഓക്‌ലാന്‍ഡില്‍ നടന്നത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനും ഓപ്പണറുമായ ലോകേഷ് രാഹുല്‍ 27 പന്തില്‍ അർധ സെഞ്ച്വറിയോടെ 56 റണ്‍സെടുത്തു. നായകന്‍ വിരാട് കോലി 32 പന്തില്‍ 45 റണ്‍സെടുത്തു. ഇരുവരും ചേർന്ന് 99 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 29 പന്തിൽ അർധസെഞ്ച്വറിയോടെ പുറത്താകാതെ 58 റണ്‍സെടുത്ത ശ്രേയസ് അയ്യർ ഇന്ത്യയുടെ ജയം അനായാസമാക്കി.