മുംബൈ:ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഓപ്പണർ ഷിഫാലി വർമ്മക്ക് ആശംസ നേർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കട്ടെയെന്നും ആസ്വദിച്ച് കളിക്കാന്‍ സാധിക്കട്ടെയെന്നും സച്ചിന്‍ ട്വീറ്റ് ചെയ്‌തു.
ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയ ഷിഫാലി നേരത്തെ മെല്‍ബണില്‍ വെച്ച് സച്ചിനെ കണ്ടുമുട്ടിയിരുന്നു. ഇതേ തുടർന്ന് സച്ചിനൊപ്പം നില്‍ക്കുന്ന ചിത്രം ഉൾപ്പെടെ ഷിഫാലി ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് മറുപടിയായാണ് സച്ചിന്‍ ഷിഫാലിക്ക് ട്വീറ്റിലൂടെ ആശംസ നേർന്നത്. ഇന്ത്യന്‍ ടീമിന് വേണ്ടി ഷിഫാലി കളിക്കുന്നത് കാണുമ്പോൾ അത്‌ഭുതം തോന്നുന്നു. സ്വപ്‌നങ്ങളെ പിന്തുടരൂ, അവ യാഥാർത്ഥ്യമാക്കൂവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്‌തു.
നേരത്തെ താനും കുടുംബവും സച്ചിന്‍റെ ആരാധകരാണെന്ന് ഷിഫാലിയും ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്‌തിരുന്നു. ഇന്ന് ഏറെ പ്രത്യേകതയുള്ള ദിവസമാണെന്നും സച്ചിനെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്നും സ്വപ്‌നം യാഥാർത്ഥ്യമായെന്നും അവർ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ഫെബ്രുവരി 10-ാം തീയ്യതിയാണ് താരത്തിന്‍റെ പേരിലുള്ള ട്വീറ്റ് പുറത്ത് വന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ സച്ചിന്‍റെ റെക്കോഡ് ഷിഫാലി മറികടന്നിരുന്നു. മത്സരത്തില്‍ താരം അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. ഇതോടെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന സച്ചിന്‍റെ റെക്കോഡും ഷിഫാലി മറികടന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ 49 പന്തില്‍ താരം 73 റണ്‍സ് സ്വന്തമാക്കി.
നിലവില്‍ ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ ടീം ഇന്ത്യക്ക് ഒപ്പമാണ് ഷിഫാലി. ലോകകപ്പിന് മുന്നോടിയായി ടീം ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങൾ കളിക്കും. ഫെബ്രുവരി 16-ന് ഓസ്‌ട്രേലിയക്ക് എതിരെയും 18-ന് ന്യൂസിലന്‍ഡിന് എതിരെയുമാണ് മത്സരം. നേരത്തെ ഓസ്‌ട്രേലയിയില്‍ ഈ മാസം നടന്ന ത്രിരാഷ്‌ട്ര വനിത ടി20 ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ ആതിഥേയരായ ഓസ്‌ട്രേലിയയോടാണ് ടീം ഇന്ത്യ പരാജയപ്പെട്ടത്.