ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ വമ്പൻ മാറ്റങ്ങൾക്ക് അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര വേദിയാകും. ജേഴ്‌സിയില്‍ ഏകദിന, ടി- 20 മത്സരങ്ങളിലെ പോലെ താരങ്ങളുടെ പേരും നമ്പറുമുണ്ടാകുമെന്നതാണ് പ്രധാന മാറ്റം. ഇതിന്‍റെ ഭാഗമായി ഇംഗ്ലണ്ട് താരങ്ങൾ പുതിയ ജേഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
പേരും നമ്പറുമെഴുതിയ ടെസ്റ്റ് ജേഴ്‌സി പുറത്തിറക്കി ഇംഗ്ലണ്ട് - ആഷസ്
ആഷസ് പരമ്പരയില്‍ പുതിയ ജേഴ്‌സി ധരിച്ചാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുക
ടെസ്റ്റ് ടീം നായകൻ ജോ റൂട്ടിന്‍റെ ചിത്രത്തോടെയായിരുന്നു ട്വീറ്റ്. ഇതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളായ മോയിൻ അലിയും സ്റ്റുവർട്ട് ബ്രോഡും തങ്ങളുടെ പുതിയ ജേഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രം ഐസിസി പുറത്തുവിട്ടു. എന്നാല്‍ ഓസ്ട്രേലിയ പേരും നമ്പറുമുള്ള ജേഴ്‌സി ധരിക്കുമോയെന്ന് ഉറപ്പായിട്ടില്ല. ടെസ്റ്റില്‍ പുതിയ ജേഴ്‌സി ധരിക്കുന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് ക്രിക്കറ്റ് ലോകത്തിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ഐസിസി നേരത്തെ പകലും രാത്രിയുമായി ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. 2015ല്‍ അഡ്‌ലെയ്‌ഡ് ഓവലില്‍ ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലാണ് ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം നടന്നത്. പന്ത് കൂടുതല്‍ വ്യക്തമായി കാണുന്നതിന് ചുവന്ന പന്തുകൾക്ക് പകരം പിങ്ക് നിറത്തിലുള്ള പന്തുകളാണ് ഡേ നൈറ്റ് ടെസ്റ്റുകളില്‍ ഉപയോഗിക്കുന്നത്.