സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കെതിരായ ടി20 ജയത്തിന് പിന്നാലെ ഇംഗ്ലണ്ടിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരില്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴ ശിക്ഷയായി മാച്ച് റഫറി ഡേവിഡ് ബൂണ്‍ വിധിച്ചു. ഇംഗ്ലീഷ് നായകന്‍ ഇയാന്‍ മോർഗന്‍ പിഴവ് സമ്മതിച്ചതിനാല്‍ ഔദ്യോഗിക വാദം കേൾക്കാതെയാണ് പിഴ വിധിച്ചത്. നിശ്ചിത സമയത്ത് മത്സരം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമാനം വരെയാണ് പിഴ ചുമത്തുക. മത്സരത്തില്‍ ഇംഗ്ലണ്ട് 14 റണ്‍സ് എക്‌സ്‌ട്രാ വഴങ്ങിയപ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് റണ്‍സ് മാത്രമാണ് എക്‌സ്ട്രാ ഇനത്തില്‍ വഴങ്ങിയത്.
നേരത്തെ ഫെബ്രുവരി 16-ന് സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ അഞ്ച് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. 223 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.