വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് നാലാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 29 റണ്‍സിവന്‍റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്ലറുടെയും നായകൻ ഓയിൻ മോർഗന്‍റെയും സെഞ്ച്വറി കരുത്തിൽ 418 റണ്‍സ് പടുത്തുയര്‍ത്തി.
ടോസ് നേടിയ വിന്‍ഡീസ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ എല്ലാവരും തകര്‍ത്തടിച്ചപ്പോള്‍ 418/6 എന്ന പടുകൂറ്റന്‍ സ്കോറിൽ ഇംഗ്ലണ്ടെത്തി. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, അലക്സ് ഹെയില്‍സ് എന്നിവര്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി ടീമിന് മികച്ച തുടക്കം നല്‍കി. മധ്യനിരയില്‍ നായകന്‍ ഓയിന്‍ മോര്‍ഗനും, ജോസ് ബട്ലറും നേടിയ മിന്നും സെഞ്ചുറികള്‍ ടീമിന് കൂറ്റൻ ടോട്ടല്‍ സമ്മാനിച്ചു. മോര്‍ഗന്‍ 88 പന്തില്‍ 103 റണ്‍സെടുത്തപ്പോള്‍, ബട്ലര്‍ 77 പന്തില്‍ 150 റണ്‍സാണ് അടിച്ചുകൂട്ടിയത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ക്രിസ് ഗെയിലിന്‍റെ മാസ്മരിക പ്രകടനത്തിൽ തിരിച്ചടിച്ചു. ഗെയില്‍ തുടർച്ചയായി ബൗണ്ടറി നേടാന്‍ തുടങ്ങിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ വിയര്‍ത്തു. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ 23 ഓവറില്‍ 220/2 എന്ന മികച്ച നിലയിലായിരുന്ന ആതിഥേയർക്കു വേണ്ടി ഡാരന്‍ ബ്രാവോ, ബ്രാത്ത് വൈറ്റ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഒരു വശത്ത് വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും തകര്‍ത്തടിച്ച ഗെയില്‍, 97 പന്തില്‍ 11 ബൗണ്ടറികളും 14 കൂറ്റന്‍ സിക്സറുകളുമടക്കം 162 റണ്‍സ് നേടി സ്റ്റോക്സിന് മുന്നില്‍ പുറത്താവുകയായിരുന്നു. 17 പന്തില്‍ ജയിക്കാന്‍ 30 റണ്‍സ് വേണ്ടിയിരിക്കേ തുടര്‍ച്ചയായി നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിൻഡീസ് പടിക്കൽ കലമുടക്കുകയായിരുന്നു.
സ്കോര്‍ : ഇംഗ്ലണ്ട് - 418/6 (50 ഓവര്‍), വെസ്റ്റ് ഇന്‍ഡീസ് - 389/10 (48 ഓവര്‍).