വെല്ലിംഗ്‌ടൺ: പന്തില്‍ അണുനാശിനി ഉപയോഗിക്കാന്‍ ഐസിസിയുടെ അനുമതി തേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ. കൊവിഡ് 19 കാലഘട്ടത്തില്‍ ക്രിക്കറ്റ് സാധാരണ നിലയിലേക്ക് തിരിച്ച് വരുമ്പോൾ കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. പന്തില്‍ ഉമിനീർ ഉപയോഗിക്കുന്നത് വിലക്കണമെന്ന് അനില്‍ കുംബ്ലെ അധ്യക്ഷനായ ഐസിസി സമിതി ആവശ്യപെട്ടതിന് പിന്നാലെയാണ് ഓസിസ് പുതിയ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
പന്ത് മത്സരത്തിനടെ അണുവിമുക്തമാക്കുന്നത് ഗുണം ചെയ്യുമൊ എന്ന് പരിശോധിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോർട്‌സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ മാനേജർ അലക്‌സ് കൊണ്ടോറിസ് പറഞ്ഞു. നിരവധി കാര്യങ്ങൾ പരിഗണിക്കാനുണ്ട്. ഐസിസിയുമായി സംസാരിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. തുകല്‍ കൊണ്ടുള്ള പന്തായതിനാല്‍ അണുവിമുക്തമാക്കാന്‍ ബുദ്ധിമുട്ടാണ്. ഫലപ്രദമാണൊ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.