കേരളം

kerala

ETV Bharat / sports

ധോണി ഇന്ത്യൻ ടീമിലേക്ക്; ഐപിഎല്‍ കഴിഞ്ഞ് തീരുമാനിക്കാമെന്ന് രവിശാസ്ത്രി - ms dhoni

കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണി വരാനിരിക്കുന്ന ടി ട്വൻടി ടീമില്‍ ഇടം നേടുമെന്നും ഇന്ത്യയ്ക്കായി ഒരു ടി ട്വൻടി ലോകകപ്പ് കൂടി നേടുമെന്നും ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.

dhoni
ധോണി ഇന്ത്യൻ ടീമിലേക്ക്; ഐപിഎല്‍ കഴിഞ്ഞ് തീരുമാനിക്കാമെന്ന് രവിശാസ്ത്രി

By

Published : Nov 27, 2019, 12:27 PM IST

മുംബൈ; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏറെ നാളായി ചോദിക്കുന്ന ഒരു ചോദ്യമേ ഉള്ളൂ. അത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ചാണ്. എംഎസ് എന്നാണ് ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുന്നത്. ധോണി ആരാധകർക്ക് അക്കാര്യത്തില്‍ ഒരു ആശങ്കയുമില്ല. ' ഇന്ത്യൻ ടീമിന്‍റെ തല എന്ന വിളിപ്പേരുള്ള ധോണി ഉടൻ മടങ്ങിയെത്തും. അത് അദ്ദേഹത്തിന്‍റെ തീരുമാനമാണെന്നും അവർ പറയും'. എന്നാല്‍ 38 വയസു തികഞ്ഞ ധോണി ഇനിയും മനസ് തുറന്നിട്ടില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യൻ ടീമില്‍ കളിച്ചിട്ടില്ലാത്ത ധോണി വരാനിരിക്കുന്ന ടി ട്വൻടി ടീമില്‍ ഇടം നേടുമെന്നും ഇന്ത്യയ്ക്കായി ഒരു ടി ട്വൻടി ലോകകപ്പ് കൂടി നേടുമെന്നും ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.

ധോണിയുടെ തിരിച്ചുവരവ് അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നാണ് ബിസിസിഐ പുതിയ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നിലപാട്. എന്നാല്‍ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ രവിശാസ്ത്രിയുടെ നിലപാട് അങ്ങനെയല്ല. ടിട്വൻടി ലോകകപ്പിന് മുൻപേ നടക്കുന്ന ഐപിഎല്ലില്‍ കളിച്ച് ഫോം വീണ്ടെടുത്താല്‍ ധോണിക്ക് ഇന്ത്യൻ ടീമില്‍ തിരികെയെത്താമെന്നാണ് രവിശാസ്ത്രിയുടെ നിലപാട്. വിക്കറ്റ് കീപ്പർമാർ എന്ന നിലയില്‍ റിഷഭ് പന്ത്, സഞ്ജു സാംസൺ, ദിനേശ് കാർത്തിക് എന്നിവരുടെ ഫോം കൂടി പരിഗണിച്ചാണ് വിക്കറ്റ് കീപ്പർ എന്ന നിലയില്‍ ടി ട്വൻടി ടീമിനെ തെരഞ്ഞെടുക്കുക.

എല്ലാവർക്കും ഫോം തെളിയിക്കാനുള്ള ഏറ്റവും അവസാനത്തെ അവസരമാണ് ഐപിഎല്‍ എന്നും രവിശാസ്ത്രി ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസിനോട് പറഞ്ഞു. ധോണി ഇപ്പോൾ ജാർഖണ്ഡ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ നായകനായ ധോണി ടി ട്വൻടി ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യൻ ടീമില്‍ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details