കേരളം

kerala

ധോണി ടീമിന്‍റെ അവിഭാജ്യ ഘടകമെന്ന് സിഎസ്കെ ഉടമ ശ്രീനിവാസന്‍

By

Published : Jan 19, 2020, 7:30 PM IST

ബിസിസിഐ വാർഷിക കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കിയതിന് പിന്നാലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഉടമ എന്‍. ശ്രീനിവാസന്‍റെ പ്രതികരണം

MS Dhoni News  N Srinivasan News  Dhoni CSK News  IPL 13 News  ഐപിഎല്‍ 13 വാർത്ത  ധോണി സിഎസ്‌കെ വാർത്ത  എന്‍ ശ്രീനിവാസന്‍ വാർത്ത  എംഎസ് ധോണി വാർത്ത
ശ്രീനിവാസന്‍

ചെന്നൈ:എംഎസ് ധോണി ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായാലും ഇല്ലെങ്കിലും അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്‌സില്‍ തുടരുമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്‍റും സിഎസ്കെയുടെ ഉടമയുമായ എന്‍ ശ്രീനിവാസന്‍. ധോണിയെ ബിസിസിഐയുടെ വാർഷിക കരാറില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് ശ്രീനിവാസന്‍റെ പ്രതികരണം. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷവും വരും വർഷവും അദ്ദേഹം കളിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തില്‍ ധോണിക്ക് പങ്കെടുക്കേണ്ടി വരില്ല. ധോണി സിഎസ്കെയുടെ ഭാഗമായിരിക്കും. ഇക്കാര്യത്തില്‍ ആർക്കും സംശയം വേണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിചേർത്തു.

ഐപിഎല്‍ കിരീടവുമായി എംഎസ് ധോണി

2008-ല്‍ ഐപിഎല്‍ തുടങ്ങിയത് മുതല്‍ ധോണി സിഎസ്‌കെയുടെ ഭാഗമാണ്. മൂന്ന് തവണ ടീം കിരീടം ഉയർത്തിയപ്പോഴും ധോണിയായിരുന്നു നായകന്‍. പിന്നീട് സിഎസ്കെയെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍റ് ചെയ്‌തപ്പോഴും അദ്ദേഹം ടീമിന്‍റെ ഭാഗമായി തുടർന്നു. ഈ സീസണില്‍ ഐപിഎല്‍ മത്സരങ്ങൾക്ക് മുന്നോടിയായി ജാർഖണ്ഡ് ടീമിന്‍റെ നെറ്റ്സില്‍ ധോണി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. നേരത്തെ 2018-ലെ ബിസിസിഐയുടെ വാർഷിക കരാർ പ്രകാരം അഞ്ച് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ ഗ്രേഡ് താരമായിരുന്നു ധോണി. എന്നാല്‍ 2019-ല്‍ പുതിയ കരാർ പ്രഖ്യാപിച്ചപ്പോൾ ധോണിയുടെ പേര് ബിസിസിഐ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഏകദിന, ടി20 ലോകകപ്പുകള്‍ നായകനെന്ന നിലയില്‍ രാജ്യത്തിന് സമ്മാനിച്ച ധോണി 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് ധോണി അവസാനമായി കളിച്ചത്. അന്ന് ഇന്ത്യ പരാജയം വഴങ്ങിയിരുന്നു. ഇതേവരെ 90 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും 98 ടി20 മത്സരങ്ങളും ധോണി ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ധോണി ഇതിനകം 17,000 റണ്‍സ് സ്വന്തം പേരില്‍ ചേർത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details