ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കെട്ടിട നിർമ്മാണ കമ്പനിയായ അമ്രപാലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചു. റാഞ്ചിയിലെ അമ്രപാലി സഫാരിയില്‍ താൻ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍ നിർമ്മാണ കമ്പനി തന്നെ കബളിപ്പിച്ചുവെന്നുമാണ് ഹർജിയില്‍ പറയുന്നത്.
ഫ്ലാറ്റ് തട്ടിപ്പ്: ധോണി സുപ്രീം കോടതിയില്‍ - ധോണി
അമ്രപാലി ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്നു ധോണി
പത്ത് വർഷം മുമ്പാണ് അമ്രപാലി ഗ്രൂപ്പ് ഈ പ്രോജക്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായി ധോണിയെത്തിയിരുന്നു. ഫ്ലാറ്റ് നിർമ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് 46,000ത്തോളം ഇടപാടുകാരെ കബളിപ്പിച്ചതിന് അമ്രപാലിക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ധോണിയെ മുൻനിർത്തി പരസ്യം നല്‍കിയതിനാല്‍ പലരും വഞ്ചിക്കപ്പെട്ടു. ഇതേതുടർന്ന് ധോണിക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ബ്രാൻഡ് അംബാസിഡറായതിന്‍റെ 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഗ്രൂപ്പിനെതിരെ ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
അമ്രപാലി ഗ്രൂപ്പ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ ധോണിയുടെ ഭാര്യ സാക്ഷി സജീവ പങ്കാളിയായിരുന്നു. ഒട്ടേറെപേർ പറ്റിക്കപ്പെട്ടതിനെ തുടർന്ന് കേസില്‍ ഇടപ്പെട്ട സുപ്രീംകോടതി അമ്രപാലി ഗ്രൂപ്പിന്‍റെ സി എം ഡി അടക്കമുള്ളവരെ ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.