മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ദീർഘകാലമായി കളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് വീണ്ടും തിരിച്ചടി. ബിസിസിഐയുടെ വാർഷിക കരാറില്‍ നിന്നും ധോണി പുറത്തായി. ഇതോടെ താരത്തിന്‍റെ കരിയറിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും വർദ്ധിക്കുകയാണ്. ബിസിസിഐ കരാറില്‍ നേരത്തെ ധോണിക്ക് എ ഗ്രേഡ് താരമായിരുന്നു.
ബിസിസിഐയുടെ വാർഷിക കരാറില്‍ നിന്നും ധോണി പുറത്ത് - വാർഷിക കരാർ വാർത്ത
2007-ല്‍ ട്വന്‍റി-20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും 2013-ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യ ധോണിയുടെ നേതൃത്വത്തിലാണ് സ്വന്തമാക്കിയത്

നേരത്തെ 2007-ല്‍ ട്വന്‍റി-20 ലോകകപ്പും 2011-ല്‍ ഏകദിന ലോകകപ്പും 2013-ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യ സ്വന്തമാക്കിയപ്പോൾ ധോണിയായിരുന്നു ഇന്ത്യന്‍ നായകന്‍. ഇംഗ്ലണ്ടിലെ ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ പുറത്തായ ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടെസ്‌റ്റ് ക്രിക്കറ്റില്‍ നിന്നും താരം 2014-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 90 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നായി താരം ആറ് സെഞ്ച്വറി അടക്കം 4867 റണ്‍സ് അക്കൗണ്ടില്‍ ചേർത്തിരുന്നു. അതേസമയം 350 ഏകദിനങ്ങളില്‍ നിന്നായി 10 സെഞ്ച്വറി അടക്കം 10773 റണ്‍സും 98 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്നും 1617 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.
നിലവില്‍ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശർമ്മ, പേസർ ജസ്‌പ്രീത് ബൂമ്ര എന്നിവരാണ് എ പ്ലസ് കരാർ സ്വന്തമാക്കിയത്. ഒക്‌ടോബർ 2019 മുതല്‍ സെപ്‌റ്റംബർ 2020 വരെയാണ് കരാർ. എപ്ലസ്, എ, ബി, സി കാറ്റഗറികളിലായി 27 താരങ്ങൾക്കാണ് കരാർ നല്‍കിയിരിക്കുന്നത്. എ പ്ലസ് കരാറുള്ളവർക്ക് ഏഴ് കോടി രൂപ വീതം പ്രതിഫലം ലഭിക്കും. എ കാറ്റഗറിയിലുള്ളവർക്ക് അഞ്ച് കോടി വീതവം ബി കാറ്റഗറിയിലുള്ളവർക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലുള്ളവർക്ക് ഒരു കോടിയും ലഭിക്കും.