ന്യൂഡല്‍ഹി: ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പരാതിയില്‍ അമ്രപാലി ഗ്രൂപ്പിനെതിരെ സുപ്രീംകോടതി നടപടി. താരമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താൻ അമ്രപാലി ഗ്രൂപ്പിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ധോണിയുമായുള്ള എല്ലാ ഇടപാടുകളുടെയും രേഖ സമർപ്പിക്കാൻ അമ്രപാലി ഗ്രൂപ്പിന് നിർദ്ദേശം
ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ ധോണിയുടെ പരാതിയില്‍ അമ്രപാലി ഗ്രൂപ്പിനെതിരെ സുപ്രീം കോടതി നടപടി
റാഞ്ചിയിലെ അമ്രപാലി സഫാരിയില്‍ താൻ ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും എന്നാല്‍ നിർമ്മാണ കമ്പനി തന്നെ കബളിപ്പിച്ചു എന്ന് ആരോപിച്ചാണ് ധോണി പരാതി നല്‍കിയത്. പത്ത് വർഷം മുമ്പാണ് അമ്രപാലി ഗ്രൂപ്പ് ഈ പ്രോജക്ട് പ്രഖ്യാപിച്ചത്. അമ്രപാലി ഗ്രൂപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന കാലത്ത് 40 കോടിയോളം രൂപ കുടിശിക വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഗ്രൂപ്പിനെതിരെ ധോണി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധോണിയുമായി നടത്തിയ എല്ലാ സാമ്പത്തിക വിനിമയത്തിന്‍റെ രേഖകൾ ഹാജരാക്കാൻ കോടതി അമ്രപാലി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.
ഫ്ലാറ്റ് നിർമ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് 46,000ത്തോളം ഇടപാടുകാരെ കബളിപ്പിച്ചതിന് അമ്രപാലിക്കെതിരെ നിരവധി പേർ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് കമ്പനിയുടെ സി എം ഡി അനില്‍ ശർമ്മ, ഡയറക്ടർമാരായ ശിവ് ദീവാനി, അജയ് കുമാർ എന്നിവരെ സുപ്രീം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.