ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി കളിക്കളത്തിന് അകത്തും പുറത്തും എല്ലായ്‌പ്പോഴും തന്‍റെ അഭ്യുദയകാംക്ഷിയായിരുന്നുവെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്. വളർന്നുവരുന്ന കളിക്കാരെ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ സഹായിക്കും. ഒരു പ്രശ്നത്തിനും അദ്ദേഹം ശാശ്വത പരിഹാരം നിർദ്ദേശിക്കില്ല. പകരം പ്രശ്നം പരിഹരിക്കാനുള്ള മാർഗം സ്വയം കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കുമെന്നും പന്ത് പറഞ്ഞു. ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു റിഷഭ് പന്ത്.
ധോണി എല്ലായ്‌പ്പോഴും തന്‍റെ അഭ്യുദയ കാംക്ഷി: റിഷഭ് പന്ത്
വളർന്നുവരുന്ന ടീം അംഗങ്ങളെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി സ്വതസിദ്ധമായ ശൈലിയില്‍ സഹായിക്കുമെന്ന് റിഷഭ് പന്ത്
നേരത്തെ റിഷഭ് പന്തിനെ ധോണിക്ക് പകരമുള്ള ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായാണ് കണ്ടിരുന്നത്. എന്നാല്‍ പിന്നീട് നിശ്ചിത ഓവർ ക്രിക്കറ്റില്‍ ആ സ്ഥാനം കെഎല്‍ രാഹുല്‍ സ്വന്തമാക്കി. ഇതോടെ റിഷഭ് ഇനി അന്തിമ ഇലവനില്‍ ഇടം പിടിക്കുന്ന കാര്യം സംശയത്തിലുമായി.
2019 ലോകകപ്പിന് ശേഷം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ദീർഘകാലത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലിലെ പ്രകടനത്തിലൂടെ ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം 2020ലെ ഐപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി നീട്ടിവെച്ചതോടെ ധോണിയുടെ മടങ്ങിവരവും അനിശ്ചിതത്വത്തിലായി.