മുംബൈ:ഓപ്പണര്‍ സ്ഥാനത്ത് നിന്നും താഴേക്കിറങ്ങി ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് ശിഖര്‍ ധവാന്‍. ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. മുംബൈയില്‍ നടന്ന മത്സരത്തില്‍ രാഹുലിനെയും ധവാനെയും രോഹിത്തിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനായി കോലി നാലാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ഇത് ടീം ഇന്ത്യക്ക് തിരിച്ചടിയായതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യും. രാജ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. മാനസികമായി കരുത്ത് കാണിക്കുകയാണ് വേണ്ടത്. ടീം അംഗങ്ങളെല്ലാം അങ്ങനെ കരുത്തരാണ്. അതുകൊണ്ടാണ് അവര്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നത്. രാജ്യത്തിനായി കളിക്കുമ്പോൾ വിവിധ പൊസിഷനുകളില്‍ കളിക്കേണ്ടിവരുമെന്നും മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തില്‍ ധവാന്‍ പറഞ്ഞു.
മൂന്നാമനായി ഇറങ്ങാന്‍ തയ്യാറെന്ന് ഓപ്പണർ ശിഖര്‍ ധവാന്‍ - ഇന്ത്യ വാർത്ത
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ രാഹുലിനെയും ധവാനെയും രോഹിത്തിനെയും അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി നാലാം സ്ഥാനത്താണ് ബാറ്റ് ചെയ്‌തത്
കോലി സ്വന്തം തീരുമാന പ്രകാരമാണ് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്. എന്നാല്‍ മൂന്നാം സ്ഥാനത്തേക്ക് തന്നെ തിരിച്ചെത്താനാവും അദ്ദേഹത്തിന്‍റെ തീരുമാനമെന്ന പ്രതീക്ഷയും ധവാന്‍ പങ്കുവച്ചു. കഴിഞ്ഞ പരമ്പരകളില്‍ രാഹുല്‍ നന്നായി കളിച്ചു. ഓസ്‌ട്രേലിയക്കെതിരേയും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ധവാന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരിയിലെ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ധവാന്‍ 91 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും അടക്കം 74 റണ്‍സോടെ അർധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. അതേസമയം മൂന്നാമനായി ഇറങ്ങിയ രാഹുല്‍ 61 പന്തില്‍ നാല് ഫോറടക്കം 47 റണ്‍സ് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ അടുത്ത മത്സരം വെള്ളിയാഴ്‌ച്ച രാജ്‌കോട്ടില്‍ നടക്കും. മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമെ കോലിക്കും കൂട്ടർക്കും പരമ്പര സ്വന്തമാക്കാനാകൂ.