ന്യൂഡല്‍ഹി:2019-ലെ ലോകകപ്പ് ടീം സെലക്ഷനില്‍ പാളിച്ചയുണ്ടായതായി ഗൗതം ഗംഭീർ. ടീമില്‍ നിന്നും അവസാന നിമിഷം അംബാട്ടി റായുഡുവിനെ മാറ്റിയതില്‍ എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള മുന്‍ സെലക്ഷന്‍ കമ്മിറ്റിയെ പഴിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീർ രംഗത്ത് വന്നു. ടിവി ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദിന് എതിരെ രൂക്ഷ വിമർശനങ്ങളാണ് ഗംഭീർ ഷോയില്‍ ഉന്നയിച്ചത്. റായിഡുവിന് പകരം അന്ന് വിജയ് ശങ്കറിനെയാണ് ടീമിലെടുത്തത്. ഓൾ റൗണ്ടർ എന്ന നിലയില്‍ ത്രി ഡി കളിക്കാരനാണ് അദ്ദേഹമെന്ന മറുപടിയാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ലഭിച്ചത്. രണ്ട് വര്‍ഷം നാലാം നമ്പറില്‍ പരീക്ഷിച്ച അംബാട്ടി റായുഡുവിനെ അവസാന നിമിഷം മാറ്റി വിജയ് ശങ്കറെ ടീമിലെടുക്കേണ്ട കാര്യമെന്തായിരുന്നു. നമുക്ക് വേണ്ടത് ത്രി ഡി കളിക്കാരനെയാണെന്ന് ഒരു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പറയുമോ.
സെലക്ഷന്‍ കമ്മിറ്റിയെ ഇത്രയും കാലം നയിച്ചിട്ടും നാലാം നമ്പറിലേക്ക് യോജിച്ചയാളെ കണ്ടെത്താന്‍ കമ്മിറ്റിക്ക് സാധിച്ചില്ല. പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും ഞെട്ടിക്കുന്നതായിരുന്നുവെന്നും ഗംഭീർ പറഞ്ഞു.