ഹൈദരാബാദ്:ക്രിക്കറ്റിലെ വന്‍മതിലെന്ന വിശേഷണത്തിന് ഉടമയായ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന് 47 വയസ് തികഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാം നമ്പർ ബാറ്റ്‌സ്‌മാനാണ് ദ്രാവിഡ്. വലം കൈയ്യന്‍ ബാറ്റ്സ്‌മാനായ അദ്ദേഹം 1996-ലാണ് ആദ്യത്തെ അന്താരാഷ്‌ട്ര മത്സരം കളിക്കുന്നത്. തുടർന്ന് 16 വർഷം നീണ്ട കരിയറില്‍ 164 ടെസ്റ്റും 334 ഏകദിനങ്ങളും ഒരു ട്വന്‍റി-20യും കളിച്ചു. 47 തികഞ്ഞ ദ്രാവിഡിന് പിറന്നാൾ ആശംസയുമായി ബിസിസിഐയും രംഗത്ത് വന്നു.
വന്‍മതിലിന് പിറന്നാൾ ആശംസയുമായി ക്രിക്കറ്റ് ലോകം - രാഹുല്‍ 47 വാർത്ത
ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ഥനായ മൂന്നാം നമ്പർ ബാറ്റ്‌സ്‌മാന്‍ രാഹുല്‍ ദ്രാവിഡ് 47-ന്‍റെ നിറവില്‍
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്‌മണും ഉൾപ്പെടെയുള്ള താരങ്ങളും ദ്രാവിഡിന് ആശംസയുമായി എത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ബോളുകളെ നേരിട്ട താരമെന്ന റെക്കോഡും മിസ്റ്റര്‍ ഡിപെന്‍ഡബിള്‍ എന്നപേരില്‍ അറിയപെടുന്ന ദ്രാവിഡിന്‍റെ പേരിലാണ്. 164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 31,258 പന്തുകളാണ് അദ്ദേഹം നേരിട്ടത്. ടെസ്റ്റ് മത്സരങ്ങളുടെ ഭാഗമായി അദ്ദേഹം 736 മണിക്കൂറോളം ക്രീസില്‍ ചെലവഴിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും 10,000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ദ്രാവിഡ്. ദ്രാവിഡിനെ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കർ മാത്രമാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത്. 52.31 ആണ് ദ്രാവിഡിന്‍റെ ബാറ്റിങ് ശരാശരി. 164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 36 സെഞ്ച്വറി ഉൾപ്പെടെ 13,288 റണ്‍സാണ് അക്കൗണ്ടിലുള്ളത്. അതേസമയം 334 ഏകദിന മത്സരങ്ങളില്‍ നിന്നായി 12 സെഞ്ച്വറി ഉൾപ്പെടെ 10,889 റണ്‍സ് താരം സ്വന്തം പേരിലാക്കി. 2012-ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം പിന്നീട് ഇന്ത്യന്‍ എ ടീമിന്‍റെയും അണ്ടർ-19 ടീമിന്‍റെയും പരിശീലകനായി സേവനം അനുഷ്‌ഠിച്ചു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്‌ടറായി സേവനം അനുഷ്‌ഠിച്ചുവരികയാണ് രാഹുല്‍ ദ്രാവിഡ്.