മുംബൈ:പുതിയ സെലക്‌ടർമാരുടെ പേരുകൾ ബിസിസിഐക്ക് നിർദ്ദേശിച്ച് ക്രിക്കറ്റ് ഉപദേശകസമിതി. ഇന്ത്യന്‍ മുന്‍ സ്‌പിന്നർ സുനില്‍ ജോഷിയുടെയും പേസർ ഹർവിന്ദർ സിങ്ങിന്‍റെയും പേരുകളാണ് അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിലേക്ക് നിർദേശിച്ചിരിക്കുന്നത്. ഇതില്‍ സുനല്‍ ജോഷിയുടെ പേര് മുഖ്യ സെലക്‌ടറുടെ സ്ഥാനത്തേക്കും പരിഗണിച്ചിട്ടുണ്ട്. രാജ്യത്തിനായി 1996-2001 കാലയളവില്‍ ഇടങ്കയ്യന്‍ സ്പിന്നറായ സുനല്‍ ജോഷി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1996-ല്‍ ബെർമിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ അന്താരാഷ്‌ട്ര മത്സരം കളിച്ചത്. 1996-ല്‍ സിംബാവെക്ക് എതിരെ കൊളംബോയില്‍ ആദ്യ ഏകദിന മത്സരം കളിച്ചു.
പുതിയ സെലക്‌ടർമാരുടെ പേര് നിർദേശിച്ച് ക്രിക്കറ്റ് ഉപദേശക സമിതി
മുന്‍ ഇന്ത്യന്‍ സ്‌പിന്നർ സുനില്‍ ജോഷിയുടെയും പേസർ ഹർവിന്ദർ സിങ്ങിന്‍റെയും പേരുകളാണ് അഞ്ചംഗ സെലക്ഷൻ കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചിരിക്കുന്നത്
നിലവിലെ സെലക്‌ടർമാരായ എംഎസ്കെ പ്രസാദിനും ഗഗന്‍ ഖോഡയ്ക്കും പകരക്കാരായാണ് പുതിയ സെലക്‌ടർമാരെ നിയമിക്കുന്നത്. മദന്‍ലാല്‍ ആർപി സിങ്, സുലക്ഷണ നായ്ക് എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പേരുകൾ നിർദ്ദേശിച്ചത്. പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക.
40-തോളം വരുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിനായി അഞ്ച് പേരുടെ ചുരുക്കപട്ടികയാണ് ഉണ്ടാക്കിയത്. സുനില്‍ ജോഷി, ഹർവിന്ദർ സിങ്, വെങ്കിടേഷ് പ്രസാദ്, രാജേഷ് ചൗഹാന്‍, എല്‍എസ് ശിവരാമകൃഷ്‌ണന്‍ എന്നിവരാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചത്.