സതാംപ്‌റ്റണ്‍: ക്രാവ്‌ലി ബട്‌ലര്‍ കൂട്ടുകെട്ട് ഹിറ്റായപ്പോള്‍ റോസ് ബൗള്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. നാല് വിക്കറ്റ് നഷ്‌ടത്തില്‍ 332 റണ്‍സെടുത്തു. സെഞ്ച്വറിയോടെ 171 റണ്‍സെടുത്ത സാക് ക്രാവ്‌ലി അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സെടുത്ത ജോസ് ബട്‌ലറുമാണ് ക്രീസില്‍.
ഇരുവരും ചേര്‍ന്ന് 205 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 269 പന്തില്‍ 19 ഫോര്‍ ഉള്‍പ്പെടെയായിരുന്നു ക്രാവ്‌ലിയുടെ ഇന്നിങ്ങ്‌സ്. ക്രാവ്‌ലിയുടെ കന്നി സെഞ്ച്വറിയാണ് റോസ്‌ബൗളില്‍ പിറന്നത്. രണ്ടാംദിനം ലഞ്ച് വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചാല്‍ ക്രാവ്‌ലിക്ക് ഇരട്ട സെഞ്ച്വറി തികക്കാന്‍ സാധിച്ചേക്കും. രണ്ട് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്ങ്‌സ്.
ഓപ്പണര്‍മാര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്രാവ്‌ലിയും മധ്യനിരയില്‍ ബട്‌ലറും പിടിച്ചുനിന്നു. ഓപ്പണര്‍മാരായ റോറി ബേണ്‍സ് ആറ് റണ്‍സെടുത്തും ഡോം സിബ്ലി 22 റണ്‍സെടുത്തും നായകന്‍ ജോ റൂട്ട് 29 റണ്‍സെടുത്തും ഒലി പോപ്പ് മൂന്ന് റണ്‍സെടുത്തും പുറത്താക്കി.
പാകിസ്ഥാന്‍ പേസര്‍ യാസിര്‍ ഷാ ഓപ്പണര്‍ ഡോം സിബ്ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയും ഒലി പോപ്പിനെ ബൗള്‍ഡാക്കിയുമാണ് കൂടാരം കയറ്റിയത്. ബേണ്‍സ് ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തില്‍ ഷാന്‍ മസൂദിന് ക്യാച്ച് വഴങ്ങിയും ജോ റൂട്ട് നസീം ഷായുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച് വഴങ്ങിയും പുറത്തായി.
മൂന്ന് മത്സരങ്ങളുള്ള പരമ്പരിയില്‍ 1-0ത്തിന്‍റെ ലീഡുള്ള ആതിഥേയര്‍ക്ക് റോസ് ബൗളില്‍ സമനില വഴങ്ങിയാലും പരമ്പര സ്വന്തമാക്കാം. അതേസമയം. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമെ പാകിസ്ഥാന് സമനിലയെങ്കിലും സ്വന്തമാക്കാനാകൂ. പരമ്പരയിലെ ആദ്യ മത്സരം. ഇംഗ്ലണ്ട മൂന്ന് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം മഴ കാരണം സമനിലയില്‍ കലാശിച്ചിരുന്നു.