ഹൈദരാബാദ്:കൊവിഡ് 19 കാരണം മറ്റെല്ലാ കായിക ഇനങ്ങളെയും പോലെ ക്രിക്കറ്റും നിലച്ചു. ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഷെഡ്യൂളിനെ സാരമായി ബാധിച്ചു. ടീം ഇന്ത്യ അവസാനമായി ന്യൂസിലൻഡിനെതിരെ ഫെബ്രുവരി 29-നാണ് ഒരു അന്താരാഷ്‌ട്ര മത്സരം കളിച്ചത്. കിവീസിനെതിരായ പരമ്പരക്ക് ശേഷം തിരിച്ചെത്തിയ ടീം സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കെതിരെ കളിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് 19 കാരണം ഈ പരമ്പര റദ്ദാക്കേണ്ടിവന്നു. എന്തിനേറെ കളിക്കാർ തുറന്ന മൈതാനത്ത് പരിശീലനം നടത്തിയിട്ട് രണ്ടര മാസത്തിലേറെയായി.
ഈ സാഹചര്യം കളിക്കാരുടെ ശാരീരികക്ഷമതയെയും ആത്യന്തികമായി അവരുടെ പ്രകടനത്തെയും ബാധിക്കില്ലെ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം കളിക്കാരുടെ ശാരീരിക ക്ഷമത നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ടീം മാനേജ്‌മെന്‍റിന് ഉത്തമ ബോധ്യമുണ്ട്. അന്താരാഷ്‌ട്ര പരമ്പര പുനരാരംഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് ആറ് ആഴ്‌ചയെങ്കിലും ടീമിനെ പരിശീലിപ്പിക്കാനാണ് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തീരുമാനം. അതിലൂടെ കളിക്കാർക്ക് പഴയ താളം വീണ്ടെടുക്കാനാകും മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നു.