വെല്ലിങ്‌ടണ്‍:കൊവിഡ് 19 ഭീതിയില്‍ നിന്നും മുക്തി നേടാന്‍ സാധിച്ചതില്‍ രാജ്യത്തെ ജനങ്ങളെ അഭിനന്ദിച്ച് ന്യൂസിലന്‍ഡ് ഓൾ റൗണ്ടർ ജെയിംസ് നീഷാം. രാജ്യത്തെ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രിവിട്ടതോടെയാണ് നീഷാം ട്വീറ്റിലൂടെ പ്രതികരിച്ചത്.
രാജ്യം കൊവിഡ് 19 മുക്തം: കിവീസിന്‍റെ ഗുണങ്ങളെ പ്രകീർത്തിച്ച് ജെയിംസ് നീഷാം
തിങ്കളാഴ്‌ച അവസാന രോഗിയും ആശുപത്രി വിട്ടതിനെ തുടർന്ന് ന്യൂസിലന്‍ഡ് കൊവിഡ് 19 മുക്തമായി. 17 ദിവസമായി രാജ്യത്ത് പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല
"കൊവിഡ് 19 മുക്ത ന്യൂസിലന്‍ഡ് യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും അഭിനന്ദനം. ഒരിക്കല്‍ കൂടി കിവിയുടെ ആസൂത്രണവും ദൃഢനിശ്ചയവും കൂട്ടായ പ്രവർത്തനവും ഫലം കണ്ടെന്നും നീഷാമിന്‍റെ ട്വീറ്റില്‍ പറയുന്നു".
രാജ്യത്ത് 17 ദിവസമായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തിങ്കളാഴ്ച വരെ ഒരാഴ്ചയിലേറെയായി രാജ്യത്ത് സജീവ കേസ് ഒന്നു മാത്രമാണ് ഉണ്ടായിരുന്നത്. 48 മണിക്കൂറായി രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗമുക്തി നേടിയതായി കണക്കാക്കുന്നുവെന്നും രോഗിയെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും ആരോഗ്യവകുപ്പ് പറഞ്ഞു. 1154 കോവിഡ് കേസുകളും 22 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം രാജ്യം കൊവിഡ് 19 മുക്തമായതിനെ തുടർന്ന് ജനങ്ങളെ സാധാരണ ജീവിതം നയിക്കാന്‍ സർക്കാർ അനുവദിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ ഉൾപ്പെടെയുള്ള പൊതു പരിപാടികൾ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് റഗ്ബി ടൂർണമെന്‍റിന് ജൂണ്‍ 13-ന് തുടക്കമാകും.