മുംബൈ:ഐപിഎല്‍ മത്സരങ്ങൾക്ക് കൊവിഡ് 19 ഭീഷണിയില്ലെന്ന് ഭരണസമിതി ചെയർമാന്‍ ബ്രിജേഷ് പട്ടേല്‍. അതേസമയം കൊവിഡ് 19-മായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണസമിതി നിരീക്ഷിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ഉദ്‌ഘാടന മത്സരത്തിന് മാർച്ച് 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം.
കൊവിഡ് 19; ഐപിഎല്‍ മത്സരങ്ങളെ ബാധിക്കില്ലെന്ന് ബ്രിജേഷ് പട്ടേല്‍ - ദക്ഷിണാഫ്രിക്ക വാർത്ത
അസ്‌ലം ഷാ ഹോക്കി ടൂർണമെന്‍റ് ഉൾപ്പെടെ ആഗോള തലത്തില്‍ നിരവധി കായിക മത്സരങ്ങൾ കൊവിഡ് 19 ഭീഷണിയെ തുടർന്ന് ഉപേക്ഷിച്ചിട്ടുണ്ട്
നേരത്തെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും മത്സരങ്ങൾക്ക് കൊവിഡ് 19 ഭീഷണി ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. ഐപിഎല്‍ മത്സരങ്ങൾക്കും ദക്ഷിണാഫ്രിക്കെതിരായ ഏകദിന പരമ്പരക്കും വൈറസ് ഭീഷണിയില്ലെന്നാണ് ഗാംഗുലി പറഞ്ഞത്. പോർട്ടിസിന് എതിരെ ടീം ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് മാർച്ച് 12-ന് ധർമ്മശാലയില്‍ തുടക്കമാകും.
അതേസമയം കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്ത് ഇതിനകം 3100 പേർ മരണമടഞ്ഞു. ആഗോള തലത്തില്‍ 90,000-ത്തോളം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് നിരവധി കായിക മത്സരങ്ങളാണ് മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയൊ ചെയ്‌തത്. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സും കൊവിഡ് 19 ഭീഷണിയുടെ നിഴലിലാണ്.