അഡ്‌ലെയ്‌ഡ്: പകല്‍- രാത്രി ടെസ്‌റ്റ് മത്സരവും പരമ്പരാഗത ടെസ്‌റ്റ് മത്സരവും തമ്മിലുള്ള ഏക വ്യത്യാസം പന്തിന്‍റെ നിറത്തില്‍ മാത്രമാണെന്ന് ഓസിസ് പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗർ. പാക്കിസ്ഥാന് എതിരായ പകല്‍- രാത്രി ടെസ്‌റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിങ്ക് ബോൾ ഉപയോഗിക്കുന്നുവെന്നത് മാത്രമാണ് പകല്‍ രാത്രി ടെസ്‌റ്റിലെ വ്യത്യാസം. മത്സരത്തിന്‍റെ ക്രമീകരണങ്ങളിലാണ് മാറ്റം. പിങ്ക് ബോൾ ടെസ്‌റ്റ് മത്സരങ്ങൾക്കായി പ്രത്യേക ടീമിനെ രൂപപെടുത്തേണ്ടതായി തോന്നിയിട്ടില്ല. ഏതൊരു മികച്ച ടീമിനും ക്രിക്കറ്റിന്‍റെ ഏതൊരു ഫോർമാറ്റിലും കളിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പകല്‍-രാത്രി ടെസ്‌റ്റിലെ ഏക വ്യത്യാസം പിങ്ക് ബോൾ മാത്രം: ജസ്‌റ്റിന്‍ ലാംഗർ - pink ball update
പിങ്ക് ബോൾ ടെസ്‌റ്റ് മത്സരങ്ങൾക്കായി പ്രത്യേക ടീമിനെ രൂപപെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ലെന്നും ഓസിസ് പരിശീലകന്‍ ജസ്‌റ്റിന്‍ ലാംഗർ

ബ്രിസ്ബണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ ആതിഥേയർ ഇന്നിങ്സിനും അഞ്ച് റണ്‍സിനും പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയില്‍ ഓസിസ് (1-0) ത്തിന് ലീഡ് ചെയ്യുകയാണ്.
ഈ മാസം 29-നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പകല്‍-രാത്രി ടെസ്‌റ്റ് മത്സരത്തിന് അഡ്‌ലെയ്‌ഡില്‍ തുടക്കമാവുക. പിങ്ക് ബോൾ ഉപയോഗിച്ച് ഓസ്‌ട്രേലിയ തുടർച്ചായി കളിക്കുന്ന രണ്ട് ടെസ്‌റ്റ് മത്സരങ്ങളില്‍ ആദ്യത്തേതാണ് ഇത്. ന്യൂസിലാന്‍റിന് എതിരെയാണ് ഓസിസിന്‍റെ അടുത്ത പകല്‍-രാത്രി ടെസ്‌റ്റ് മത്സരം. ഐസിസി ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ന്യൂസിലാന്‍റിനെതിരായ പകല്‍-രാത്രി മത്സരത്തിന് അടുത്ത മാസം 12-ന് പെർത്തില്‍ തുടക്കമാകുക. മറ്റ് ഏത് രാജ്യത്തേക്കാളും അധികം പകല്‍ രാത്രി ടെസ്‌റ്റ് മത്സരങ്ങൾ കളിച്ചത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമാണ്.