പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ബിസിസിഐ അഞ്ച് കോടി രൂപ നല്‍കണമെന്ന് ബിസിസിഐ താല്‍ക്കാലിക പ്രസിഡന്‍റ് സി.കെ ഖന്ന. ഈ തുക നല്‍കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ഖന്ന ഭരണസമിതിക്ക് കത്തയച്ചു.
ജവാന്മാരുടെ കുടുംബങ്ങളെ ബിസിസിഐ സഹായിക്കണം: സി.കെ ഖന്ന - രവി ശാസ്ത്രി
ഐപിഎല്‍ ഫ്രാഞ്ചൈസികളും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് കത്തില്‍ പറയുന്നു. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലും ഐപിഎല്‍ മത്സരങ്ങൾക്ക് മുമ്പും രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്നും ആവശ്യം
ഇന്ത്യക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ സി.കെ ഖന്ന ഐപിഎല്‍ ഫ്രാഞ്ചൈസികളും ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കണമെന്ന് കത്തില്‍ പറയുന്നു. ഏറ്റവും കുറഞ്ഞത് അഞ്ച് കോടി രൂപയെങ്കിലും ആ കുടുംബങ്ങൾക്ക് നല്‍കണമെന്നാണ് ഖന്ന സിഒഎയോട് ആവശ്യപ്പെട്ടത്. ഇന്ത്യക്ക് വേണ്ടി ജീവൻ അർപ്പിച്ച ജവാന്മാരുടെ സ്മരണക്കായി ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മത്സരങ്ങൾക്ക് മുമ്പും ഐപിഎല്‍ മത്സരങ്ങൾക്ക് മുമ്പും രണ്ട് മിനിറ്റ് വീതം മൗനം ആചരിക്കണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജവാന്മാരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സൈനികരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം സേവാഗ് ഇന്‍റർനാഷണല്‍ സ്കൂളില്‍ നല്‍കുമെന്ന് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഇറാനി ട്രോഫി സ്വന്തമാക്കിയ വിദർഭ ക്രിക്കറ്റ് ടീം മുഴുവൻ സമ്മാനത്തുകയും സൈനികരുടെ കുടുംബങ്ങൾക്ക് നല്‍കുമെന്നും അറിയിച്ചു.