വെസ്റ്റ് ഇൻഡീസ്-ഇംഗ്ലണ്ട് നാലാം ഏകദിനത്തിൽ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കി യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയില്‍. നാലാം ഏകദിനത്തില്‍ വിന്‍ഡീസിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും 97 പന്തില്‍ 162 റണ്‍സടിച്ച ഗെയില്‍ ലോകകപ്പിനെത്തുന്ന ടീമുകള്‍ക്ക് വ്യക്തമായ മുന്നറിയിപ്പും കൂടി നൽകുകയാണ് ഗെയിൽ.
റെക്കോർഡുകൾ തിരുത്തി ഗെയിൽ - അന്താരാഷ്ട്ര ക്രിക്കറ്റ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും, ബ്രയാന്‍ ലാറക്കു ശേഷം വിൻഡീസിനായി ഏകദിനത്തില്‍ 10000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടവും ഗെയില്‍ സ്വന്തം പേരിലാക്കി
14 സിക്സും 11 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗെയിലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. 14 സിക്സറടിച്ച പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ഗെയില്‍ സ്വന്തം പേരിലാക്കി. കൂടാതെ ഷാഹീദ് അഫ്രീദിക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ 300 സിക്സറുകള്‍ നേടുന്ന താരമെന്ന നേട്ടവും ഗെയില്‍ ഇതിനൊപ്പം സ്വന്തമാക്കി. ടെസ്റ്റില്‍ 98, ഏകദിനത്തില്‍ 305, ടി-20യില്‍ 103 സിക്സറുകളാണ് ഗെയിലിന്‍റെ പേരിലുള്ളത്.
ഏകദിന ക്രിക്കറ്റില്‍ 351 സിക്സറുകള്‍ അടിച്ചിട്ടുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്. സിക്സര്‍ നേട്ടത്തിനൊപ്പം വെടിക്കെട്ട് ഇന്നിംഗ്സിനൊടുവില്‍ മറ്റൊരു വ്യക്തിഗത നേട്ടം കൂടി ഗെയില്‍ സ്വന്തം പേരിലാക്കി. ബ്രയാന്‍ ലാറക്ക് ശേഷം(10405 റണ്‍സ്) ഏകദിനങ്ങളില്‍ 10000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിന്‍ഡീസ് ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ്. 10074 റണ്‍സാണ് ഇപ്പോള്‍ ഗെയിലിന്‍റെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ ബാറ്റ്സ്മാനാണ് ഗെയില്‍.