കേരളം

kerala

By

Published : Mar 22, 2019, 10:38 PM IST

ETV Bharat / sports

ധോണി-കോഹ്‌ലി പോരാട്ടത്തോടെ ഐപിഎല്ലിന് നാളെ തുടക്കം

ഇരുവരും 23 കളിയിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 15 കളിയിൽ ചെന്നൈയും ഏഴെണ്ണത്തിൽ ബാംഗ്ലൂരും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. അവസാന അഞ്ച് കളിയിലും ബാംഗ്ലൂരിന് സൂപ്പർ കിംഗ്സിനെ തോല്‍പ്പിക്കാനായിട്ടില്ല.

ധോണി-കോഹ്‌ലി

ഐപിഎല്ലിന്‍റെ പന്ത്രണ്ടാം പതിപ്പിന് നാളെ ചെന്നൈയിൽ തുടക്കമാകും.ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായചെന്നൈ സൂപ്പര്‍ കിംഗ്സുംറോയൽ ചലഞ്ചേഴ്സ്ബാംഗ്ലൂരുംതമ്മില്‍ ഏറ്റുമുട്ടും.

കോഹ്‌ലി-ധോണി നേർക്കുനേർ പോരാട്ടമെന്ന ആകാംക്ഷയും നാളത്തെ മത്സരത്തിനുണ്ട്. ഇന്ത്യയുടെ മുന്‍നായകനും നിലവിലെ നായകനും ഏറ്റുമുട്ടുമ്പോൾ ഐപിഎല്ലിലെ മുൻതൂക്കം ധോണിയുടെ സൂപ്പർ കിംഗ്സിന് തന്നെയാണ്. ഇരുവരും 23 കളിയിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ 15 കളിയിൽ ചെന്നൈയും ഏഴെണ്ണത്തിൽ ബാംഗ്ലൂരും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. അവസാന അഞ്ച് കളിയിലും ബാംഗ്ലൂരിന് സൂപ്പർ കിംഗ്സിനെ തോൽപ്പിക്കാനായിട്ടില്ല. അവസാന രണ്ട് സീസണലും ബാംഗ്ലൂരിന്‍റെ പ്രകടനം മോശമായിരുന്നു. എന്നാൽ ഐപിഎല്ലിന്‍റെ എല്ലാ സീസണിലും പ്ലേഓഫിൽ കടന്ന ടീമാണ് ധോണിയുടെ സൂപ്പർ കിംഗ്സ്.

മത്സരം നടക്കുന്ന ചിദംബരം സ്റ്റേഡിയത്തിൽ ഇരുടീമുകളും പരിശീലനം നടത്തിയിരുന്നു. കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളേയും നിലനിർത്തിയ ചെന്നൈ പരിചയസമ്പത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. ബൗളിംഗിൽ ദുർബലമായി കാണുന്ന ടീമിൽ ധോണി, വാട്‌സണ്‍, റായ്‌ഡു, റെയ്ന, ബ്രാവോ, ജഡേജ, കേദാർ ജാദവ് തുടങ്ങിയവരിലാണ് ചെന്നൈയുടെ കരുത്ത്.

താര സമ്പന്നതകൊണ്ട് മുന്നിൽ നിൽക്കുന്ന ബാംഗ്ലൂരാകട്ടെ ആദ്യ കിരീട നേട്ടമെന്ന ലക്ഷ്യം വെച്ചാകും ഇത്തവണ ഇറങ്ങുക. വെടിക്കെട്ട് ബാറ്റ്സ്മാൻമാരുടെ നീണ്ടനിര എല്ലാത്തവണയും ടീമിലുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാത്തതാണ് ആർസിബിയുടെ തലവേദന. കോഹ്‌ലി, ഡിവില്ലിയേഴ്സ്, മാര്‍കസ്‌ സ്‌റ്റോയിനിസ്‌, മോയിൻ അലി, ഷിമോൺ ഹെത്മയര്‍ എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ.

നാളെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. എല്ലാത്തവണയും വർണാഭമായി നടത്തുന്ന ഉദ്ഘാടന ചടങ്ങുകൾ വേണ്ടെന്ന് ബി.സി.സി.ഐ നേരത്തെ തീരുമാനിച്ചിരുന്നു.നാളത്തെ മത്സരത്തിൽ നിന്നും ലഭിക്കുന്ന ടിക്കറ്റ് വരുമാനം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന് നൽകും.

ABOUT THE AUTHOR

...view details