കേരളം

kerala

ETV Bharat / sports

ഓപ്പണർമാർക്ക് സെഞ്ച്വറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌ക്കോർ - വിശാഖപട്ടണം വാർത്ത

വിശാഖപട്ടണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ട്ടത്തില്‍ 387 റണ്‍സെടുത്തു. ഓപ്പണർമാരായ രോഹിത് ശർമ്മ 159 റണ്‍സും കെഎല്‍ രാഹുല്‍ 102 റണ്‍സും എടുത്ത് പുറത്തായി

രോഹിത്, രാഹുല്‍ വാർത്ത  India vs West Indies News  വിശാഖപട്ടണം വാർത്ത  ഹിറ്റ്മാന്‍ വാർത്ത
രോഹിത്, രാഹുല്‍

By

Published : Dec 18, 2019, 5:57 PM IST

വിശാഖപട്ടണം:വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കോലിയും കൂട്ടരൂം നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ട്ടത്തില്‍ 387 റണ്‍സെടുത്തു. ഓപ്പണർമാരുടെ സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യ വമ്പന്‍ സ്‌കോർ സ്വന്തമാക്കിയത്.

ഓപ്പണർ കെഎല്‍ രാഹുല്‍ 104 പന്തില്‍ 102 റണ്‍സെടുത്തു. വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റെ പന്തില്‍ റോസ്‌റ്റണ്‍ ചാസിന് ക്യാച്ച് വഴങ്ങിയാണ് രാഹുല്‍ ഔട്ടായത്. എട്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. 227 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിതും രാഹുലും ചേർന്നുണ്ടാക്കിയത്.

ശ്രേയസ് അയ്യർക്കൊപ്പം 60 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയാണ് ഓപ്പണർ രോഹിത് ശർമ്മ കൂടാരം കയറിയത്. ഷെല്‍ഡണ്‍ കോട്രാലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് വഴങ്ങിയാണ് രോഹിത് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഇന്നിങിസിന്‍റെ നെടുംതൂണായി മാറിയ ഹിറ്റ്മാന്‍ 138 പന്തില്‍ സെഞ്ച്വറിയോടെ 159 റണ്‍സെടുത്തു. 17 ഫോറും അഞ്ച് സിക്‌സും ഉൾപ്പെടുന്നതായിരുന്നും താരത്തിന്‍റെ ഇന്നിങ്സ്. അതേസമയം മൂന്നാമതായി ഇറങ്ങിയ നായകന്‍ വിരാട് കോലി പൊള്ളാർഡിന്‍റെ പന്തില്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. റോസ്‌റ്റണ്‍ ചാസിന് ക്യാച്ച് വഴങ്ങിയാണ് കോലി കൂടാരം കയറിയത്. 16 പന്തില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്‍ ഋഷഭ് പന്ത് കീമാ പോളിന്‍റെ പന്തില്‍ നിക്കോളാസ് പൂരാന് ക്യാച്ച വഴങ്ങിയാണ് പുറത്തായത്. മൂന്ന് ഫോറും നാല്‌ സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഋഷഭിന്‍റെ ഇന്നിങ്സ്. 32 പന്തില്‍ അർധ സെഞ്ച്വറിയോടെ 53 റണ്‍സെടുത്ത് ശ്രേയസ് അയ്യരും കൂടാരം കയറി. കോട്രാലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് വഴങ്ങിയാണ് അയ്യർ പുറത്തായത്. 16 റണ്‍സെടുത്ത കേദാർ ജാദവും റണ്ണൊന്നും എടുക്കാതെ രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

സന്ദർശകർക്കായി ഷെല്‍ഡണ്‍ കോട്രാല്‍ രണ്ട് വിക്കറും അല്‍സാരി ജോസഫ്, കീമാ പോൾ, നായകന്‍ കീറോണ്‍ പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാർഡ് ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്ന് പരാജയപ്പെട്ടാല്‍ പരമ്പര നഷ്ടമാവും. അതിനാല്‍ ജയിക്കാനുറച്ചാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്. ചെന്നൈ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ അട്ടിമറി ജയം സ്വന്തമാക്കിയിരുന്നു വെസ്‌റ്റ് ഇന്‍ഡീസ്. ഇന്ത്യ ഉയർത്തിയ 288 റണ്‍സെന്ന വിജയ ലക്ഷം 13 പന്ത് ശേഷിക്കെയാണ് സന്ദർശകർ സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details