കേരളം

kerala

ETV Bharat / sports

'ക്യാപ്റ്റന്‍ കൂള്‍@39' വിക്കറ്റിന് പിന്നിലെ നായകന്‍റെ വിജയപഥങ്ങളിലൂടെ

ഐസിസിയുടെ എല്ലാ ട്രോഫികളും സ്വന്തമാക്കിയ ലോക ക്രിക്കറ്റിലെ ഏക നായകനാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മഹേന്ദ്രസിങ് ധോണി

ധോണി വാര്‍ത്ത ക്യാപ്റ്റന്‍ കൂള്‍ വാര്‍ത്ത dhoni news captian cool news
ധോണി

By

Published : Jul 7, 2020, 9:46 AM IST

ക്യാപ്റ്റന്‍ കൂള്‍, അങ്ങനെയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി അറിയപ്പെടുന്നത്. റാഞ്ചിയില്‍ നിന്നും ലോകക്രിക്കറ്റിന്‍റെ നെറുകയിലേക്ക് പാളങ്ങളിലൂടെ കുതിച്ച എക്‌സ്പ്രസായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ധോണി. ഐസിസിയുടെ എല്ലാ ട്രോഫികളും ധോണി ബിസിസിഐയുടെ ഷെല്‍ഫിലെത്തിച്ച ശേഷമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അമരത്ത് നിന്നും ധോണി വിരാട് കോലിക്ക് വഴിമാറികൊടുത്തത്. ക്യാപ്റ്റനെന്ന നിലയിലും സ്കോര്‍ പിന്തുടര്‍ന്ന് കളി ജയിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാനാകില്ല. വെടിക്കെട്ട് ബാറ്റ്സ്മാനായി എത്തി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായി മാറിയ ധോണിക്ക് ജൂലൈ ഏഴിന് 39 വയസ് തികയുകയാണ്.

ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ നേട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണിവിടെ. ഇന്ത്യക്ക് വേണ്ടി 2007-ല്‍ ഐസിസി ടി20 ലോകകപ്പ് നേടിത്തന്നതോടെയാണ് നായകനെന്ന നിലയില്‍ ധോണി ഇന്ത്യക്കാരുടെ ആരാധനാപുരുഷനാകുന്നത്. നായകന്‍ എന്ന നിലയില്‍ ധോണിയുടെ പ്രഥമ ദൗത്യമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ച ധോണിയും കൂട്ടരും ടി20 ലോകകപ്പുമായാണ് മടങ്ങിയത്. 2011ല്‍ ഏകദിന ലോകകപ്പിലും ധോണി ആ നേട്ടം ആവര്‍ത്തിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ധോണിയുടെ സിക്സോടെയാണ് ഇന്ത്യ ലോകകപ്പ് നേട്ടം ആഘോഷിച്ചത്. അതിന് മുമ്പ് 1983ലായിരുന്നു ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്. പിന്നീട് 2013ല്‍ ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി നേടിത്തന്നു. 2014-15 വര്‍ഷം ടെസ്റ്റ് ക്രിക്കറ്റിലെ നായക സ്ഥാനം ധോണി വിരാട് കോലിക്ക് കൈമാറുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന ആശയം പോലും രൂപപ്പെട്ടിരുന്നില്ല. ലോക ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഐസിസിയുടെ എല്ലാ ട്രോഫികളും സ്വന്തമാക്കിയ മറ്റൊരു നായകനില്ല. ധോണിയല്ലാതെ.

ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ച അമരക്കാരന്‍

2009ലാണ് ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തുന്നത്. പിന്നീട് 2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. 60 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി 27 എണ്ണത്തില്‍ വിജയിച്ചു. 18 എണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍

ടി20 ക്രിക്കറ്റിലെ ധോണിയുടെ മിടുക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല. ഐപിഎല്ലിലും ധോണി ചരിത്രം സൃഷ്ടിച്ചു. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ധോണി ക്യാപ്റ്റനെന്ന നിലയില്‍ മൂന്ന് തവണ കിരീടം സ്വന്തമാക്കി. 104 ഐപിഎല്‍ മത്സരങ്ങളില്‍ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ വിജയിപ്പിച്ചു. ഐപിഎല്ലില്‍ 100 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ നായകനാണ് ധോണി.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ ക്യാപ്റ്റന്‍

ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് നേടുന്നത് ധോണിക്ക് കീഴിലാണ്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച്. 1983ല്‍ ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐസിസി ലോകകപ്പായിരുന്നു ഇത്. ടി20 ക്രിക്കറ്റില്‍ 71 തവണ ധോണി ഇന്ത്യയെ നയിച്ചു. ഇതില്‍ 41 തവണയും ജയം ധോണിക്കൊപ്പമായിരുന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നായകന്‍ കൂടിയാണ് ധോണി.

ധോണിയും മറ്റ് ചില റെക്കോഡുകളും

2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റിലൂടെയാണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്നത്. ഇന്ന് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ നോട്ടൗട്ടുകള്‍ ധോണിയുടെ പേരിലാണ്. 82 തവണയാണ് ധോണി പുറത്താകാതെ നിന്നത്. ബാറ്റിങ് ഓര്‍ഡറില്‍ ഏഴമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കിയതും ധോണിയാണ്. ഏഴാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയാണ് ധോണി സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നിലും ധോണിക്കാണ് ലോക റെക്കോഡ്. ക്യാപ്റ്റനായ ശേഷമാണ് ധോണി മധ്യനിരയിലേക്ക് ചുവട് മാറ്റിയത്. ബാറ്റ്സ്മാന്‍മാരെ ഏറ്റവും കൂടുതല്‍ തവണ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത് ധോണിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 192 തവണയാണ് ധോണി ബാറ്റ്സ്മാന്‍മാരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 38 തവണയും ഏകദിനത്തില്‍ 120 തവണയും ടി20യില്‍ 34 തവണയും ധോണി വിക്കറ്റിന് പിന്നില്‍ നിന്നും ബാറ്റ്സ്മാന്‍മാരെ പുറത്താക്കി. 2008ലും 2009ലും ഐസിസിയുടെ ഏകദിന ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും 2011ല്‍ ഐസിസിയുടെ തന്നെ സ്പിരിറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും ധോണിയെ തേടിയെത്തി.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് ടീം ഇന്ത്യ പുറത്തായ ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ക്യാപ്റ്റന്‍ കൂളിന്‍റെ ആരാധകര്‍. മഹേന്ദ്രസിങ് ധോണിക്ക് ജന്മദിനാശംസകള്‍.

ABOUT THE AUTHOR

...view details