കേപ്പ്ടൗണ്‍:ദക്ഷിണാഫ്രിക്കെതിരായ പരമ്പരയിലെ രണ്ടാമത്തെ ടെസ്‌റ്റ് മത്സരത്തില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ടിന് 264 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 218 റണ്‍സെടുത്തു. 85 റണ്‍സെടുത്ത ഓപ്പണർ ഡോം സിബ്ലിയാണ് ക്രീസില്‍. 61 റണ്‍സുമായി പുറത്തായ നായകന്‍ ജോ റൂട്ട് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേർന്ന് 116 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 25 റണ്‍സെടുത്ത സാക്ക് ക്രൗളിയും 31 റണ്‍സെടുത്ത ജോ ഡെന്‍ലിയുമാണ് പുറത്തായ മറ്റ് ബാറ്റ്സ്‌മാന്‍മാർ.
പോർട്ടീസിനെതിരെ ഇംഗ്ലണ്ടിന് 264 റണ്‍സിന്‍റെ ലീഡ് - ഇംഗ്ലണ്ട് വാർത്ത
കേപ്പ് ടൗണ്‍ ടെസ്‌റ്റില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ദക്ഷിണാഫ്രിക്കെതിരെ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 264 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി
ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോർജെ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ഡ്വെയ്ന്‍ പ്രിട്ടോറിയൂസും കഗിസോ റബാദയും ഒരോ വിക്കറ്റുകൾ വീതം പിഴുതു. നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 223 റണ്‍സെടുത്ത് കൂടാരം കയറിയിരുന്നു. ആതിഥേയർക്കായി 88 റണ്‍സെടുത്ത ഓപ്പണർ ഡീന്‍ എല്‍ഗറും 68 റണ്‍സെടുത്ത് റാസി വാന്‍ഡര്‍ ഡസ്സനും മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേർന്ന് 117 റണ്‍സ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സ്‌റ്റൂവർട്ട് ബോർഡ്, സാം കുരാന്‍ എന്നിവർ രണ്ട് വിക്കറ്റും ഡൊമനിക്ക് ബസ് ഒരു വിക്കറ്റും പിഴുതു. കേപ്‌ടൗണില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർ 269 റണ്‍സെടുത്താണ് കൂടാരം കയറിയത്. നാല് ടെസ്‌റ്റുകളുള്ള പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന ആദ്യ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു.