ന്യൂഡല്‍ഹി: ടിക്ക് ടോക്ക് സൂപ്പർ സ്റ്റാർ ആയത് മതി, കളിക്കളത്തിലേക്ക് മടങ്ങിയെത്തണമെന്ന് ഓസ്‌ട്രേലിയിന്‍ ഓപ്പണർ ഡേവിഡ് വാർണർ. കൊവിഡ് 19 ലോക്ക്‌ഡൗണിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് ഒപ്പം ടിക് ടോക്കില്‍ താരമായ വാർണറാണ് പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നത്. വീടിന് പുറകില്‍ ബാറ്റേന്തി നില്‍ക്കുന്ന വാർണറാണ് ദൃശ്യത്തിലുള്ളത്. എല്ലാം മതിയായെന്നും, എന്ന് മുതല്‍ നമുക്ക് പുനരാരംഭക്കാന്‍ സാധിക്കുമെന്ന അടിക്കുറിപ്പോടെയാണ് വാർണറുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഗ്രൗണ്ടിലെത്താനായി ഇനി കാത്തിരിക്കാന്‍ വയ്യ: ഡേവിഡ് വാർണർ - covid 19 news
ഐപിഎല്ലില്‍ നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ക്യാപ്‌റ്റനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണർ കൂടിയായ ഡേവിഡ് വാർണർ
നേരത്തെ ടിക് ടോക്കില്‍ കുടുംബാംഗങ്ങൾക്ക് ഒപ്പം മികച്ച പ്രകടനം കാഴ്ച്ചവച്ച വാർണറെ ഐസിസി ടിക്ക് ടോക്ക് സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. മാർച്ചില്‍ ന്യൂസിലന്‍ഡിന് എതിരായ ഏകദിനത്തിലാണ് വാർണർ അവസാനമായി ഓസിസിന് വേണ്ടി കളിച്ചത്. പിന്നീട് പരമ്പരയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന രണ്ട് ഏകദിനങ്ങൾ കൊവിഡ് 19 കാരണം ഉപേക്ഷിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ നായകനാണ് ഡേവിഡ് വാർണർ. അതേസമയം കൊവിഡ് 19 കാരണം മാർച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങൾ നിലവില്‍ അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്.