ഹൈദരാബാദ്:കാട്ടുതീ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനസഹായാർത്ഥം സംഘടിപ്പിക്കുന്ന ബുഷ്‌ഫയർ ബാഷ് പ്രദർശന ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ ബ്രയാന്‍ ലാറയും റിക്കി പോണ്ടിങ്ങും നെറ്റ്‌സില്‍ പരിശീലനം നടത്തി. ഒസിസ് മുന്‍ നായകന്‍ കൂടിയായ പോണ്ടിങ്ങ് പരിശീലനത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചു.
ബുഷ്‌ഫയർ ബാഷ് പ്രദർശന ക്രിക്കറ്റ്; നെറ്റ്‌സില്‍ പരിശീലിച്ച് ഇതിഹാസ താരങ്ങൾ - ഓസ്‌ട്രേലിയ വാർത്ത
ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ റിക്കി പോണ്ടിങ്ങും ബ്രയാന്‍ ലാറയും ബുഷ്‌ഫയർ ബാഷ് ടി10 മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തി. ഫെബ്രുവരി ഒമ്പതിന് മെല്‍ബണിലാണ് പ്രദർശന മത്സരം നടക്കുക
വെസ്‌റ്റ് ഇന്‍ഡീസ് താരം ബ്രയാൻ ലാറയും ഓസിസ് താരം പോണ്ടിങ്ങും ഒരു ടീമിന് വേണ്ടി കളിക്കുകയെന്ന സ്വപ്‌ന മുഹൂർത്തത്തിനാണ് ആരാധകർ ഞായറാഴ്‌ച്ച മെല്‍ബണില്‍ സാക്ഷ്യം വഹിക്കുക. 2003-ലും 2007-ലും ഓസ്‌ട്രേലിയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തത് പോണ്ടിങ്ങിന്‍റെ നേതൃത്വത്തിലുള്ള ടീമാണ്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലുമായി 27,486 റണ്‍സാണ് താരത്തിന്‍റെ പേരിലുള്ളത്.
മറുഭാഗത്ത് വിന്‍ഡീസ് ഇതിഹാസം ലാറയുടെ പേരിലുള്ള പല റെക്കോഡുകളും അദ്ദേഹം വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തിരുത്താന്‍ സാധിച്ചിട്ടില്ല. ടെസ്‌റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ ലാറയുടെ പേരിലാണ്. 400 റണ്‍സാണ് ലാറ സ്വന്തം പേരില്‍ കുറിച്ചത്. ടി10 ഫോർമാറ്റില്‍ നടക്കുന്ന മത്സരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുക്കും. സച്ചിനെ കൂടാതെ യുവരാജ് സിങ്, കോട്‌നി വാല്‍ഷ്, ജസ്‌റ്റിന്‍ ലാങ്ങർ, മാത്യു ഹെയ്‌ഡന്‍, ബ്രട്ട് ലീ, അന്‍ഡ്രൂ സൈമണ്‍സ്, ഷെയ്‌ന്‍ വാട്‌സണ്‍ തുടങ്ങിയ താരങ്ങളും പങ്കെടുക്കും. ഏതായാലും ക്രിക്കറ്റ് പ്രേമികൾക്ക് മത്സരം വിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.