ദുബായ്: ഇംഗ്ലണ്ടിനെതിരായ ലിമിറ്റ്ഡ് ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സീമർ ഭുവനേശ്വർ കുമാറിന് ഐസിസിയുടെ 'പ്ലെയർ ഓഫ് ദ മന്ത്' പുരസ്ക്കാരം. കഴിഞ്ഞ മാര്‍ച്ച് മാസത്തിലെ മികച്ച കളിക്കാരനുള്ള പുരസ്ക്കാരമാണ് ചൊവ്വാഴ്ച ഐസിസി പ്രഖ്യാപിച്ചത്.
ഈ യാത്രയില്‍ തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായി 31കാരനായ ഭുവനേശ്വർ പറഞ്ഞു. 'ഈ യാത്രയില്‍ എന്നെ സഹായിച്ച കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ടീമംഗങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി പറയുന്നു. കൂടാതെ, എനിക്ക് വോട്ടുചെയ്ത എന്നെ മാർച്ചിലെ ഐസിസി പുരുഷ കളിക്കാരനാക്കിയ ഐസിസി വോട്ടിങ് അക്കാദമിക്കും, വോട്ട് ചെയ്ത എല്ലാ ആരാധകർക്കും ഒരു പ്രത്യേക നന്ദി' ഭുവനേശ്വർ പറഞ്ഞു.
'വളരെ നീണ്ടതും വേദനാജനകവുമായ ഒരു വിടവ് പോലെ തോന്നിയതിന് ശേഷം, വീണ്ടും ഇന്ത്യയ്ക്കായി കളിക്കുന്നതിൽ ഞാൻ സന്തോഷിച്ചു. എന്‍റെ ശാരീരിക ക്ഷമതയും സ്കില്ലും മെച്ചപ്പെടുത്താന്‍ ഞാൻ സമയം ചെലവഴിച്ചു, എന്‍റെ രാജ്യത്തിനായി വിക്കറ്റ് നേടുന്നതിൽ ഞാൻ സന്തുഷ്ടനാണ്' ഭുവി കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിച്ച ഭുവനേശ്വര്‍ 4.56 ഇക്കോണമിയില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. തുടര്‍ന്ന് നടന്ന അഞ്ച് ടി20 മത്സരങ്ങളില്‍ 6.38 എന്ന ഇക്കോണമിയില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്താനും താരത്തിനായി. ഭുവനേശ്വറിനെ കൂടാതെ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, സിംബാബ്‌വെയുടെ സീൻ വില്യംസ് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് താരങ്ങള്‍.