ജൊഹന്നാസ്ബര്‍ഗ്: മത്സരത്തിനിടെ കാണികളിലൊരാളെ അധിക്ഷേപിച്ച സംഭവത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനം പിഴയായി അടക്കണമെന്ന് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സ്‌റ്റോക്‌സിന് പിഴ ശിക്ഷ ലഭിക്കുന്നത്.
ആരാധകനെ അധിക്ഷേപിച്ച സംഭവം; ബെന്‍ സ്റ്റോക്‌സിന് പിഴ
മാച്ച് ഫീയുടെ 15 ശതമാനം പിഴയായി അടക്കണമെന്ന് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിധിച്ചു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലെ മൂന്നാം ദിവസമാണ് സംഭവം നടന്നത്. മത്സരത്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പുറത്തായതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുമ്പോഴാണ് കാണികളിലൊരാള്‍ സ്റ്റോക്‌സിനോട് അപമര്യാദയായി പെരുമാറിയത്. അതേ രീതിയില്‍ തിരിച്ചടിച്ച ബെന്‍ സ്‌റ്റോക്‌സിന്‍റെ നടപടിയാണ് വിവാദമായത്. സംഭവം ക്യാമറയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബെന്‍ സ്റ്റോക്‌സിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. പിന്നാലെ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരുന്നു.
"അപമര്യാദ നിറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചതിന് ഞാന്‍ മാപ്പ് പറയുന്നു. ഞാന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. തുടര്‍ച്ചയായി എന്നെ അപമാനിച്ചപ്പോഴാണ് എനിക്ക് അങ്ങനെ പ്രതികരിക്കേണ്ടിവന്നത്, എന്നിരുന്നാലും അത് തെറ്റാണെന്ന് ഞാന്‍ മനസിലാക്കുന്നു"- ബെന്‍ സ്റ്റോക്‌സ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തു.