ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബിസിസിഐ. വൈറസ് വ്യാപനം ചെറുക്കാന്‍ മാസ്ക് ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതികൊണ്ട് ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഉൾപ്പെടെയുള്ളവർ അണിനിരക്കുന്നു.
കൊവിഡിനെതിരെ ബിസിസിഐയുടെ ടീം മാസ്ക് ഫോഴ്‌സ് - ടെന്‍ഡുല്‍ക്കർ വാർത്ത
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, നായകന്‍ വിരാട് കോലി തുടങ്ങിയവർ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ബിസിസിഐ നിർമിച്ച ടീം മാസ്ക്ക് ഫോഴ്സ് എന്ന വീഡിയോയുടെ ഭാഗമായി
ടീം മാസ്ക് ഫോഴ്സ് എന്ന പേരില്‍ പുറത്തിറക്കിയ 1 മിനുട്ട് 42 സെക്കന്‍റുള്ള വീഡിയോയില്‍ സച്ചിനെ കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സ്‌മൃതി മന്ദാന, രോഹിത് ശർമ, ഹർഭജന്‍ സിങ്, ഹർമന്‍ പ്രീത് കൗർ, വീരേന്ദ്ര സേവാഗ്, രാഹുല്‍ ദ്രാവിഡ്, മിതാലി രാജ് തുടങ്ങിയവരും ഭാഗമാകുന്നു. 20 സെക്കന്‍റോളം സോപ്പ് ഉപയോഗിച്ച് കൈ കഴുകേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള സച്ചന്‍റെ ബോധവല്‍ക്കരണതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീട്ടില്‍ തന്നെ മാസ്ക് നിർമിക്കാമെന്നും സർക്കാർ നിർദേശങ്ങൾ അനുസരിച്ചാല്‍ വൈറസിനെ ചെറുക്കാമെന്നും താരങ്ങൾ ഓർമപ്പെടുത്തുന്നു.
നേരത്തെ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ 51 കോടി രൂപ സംഭാവന ചെയ്‌തിരുന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതിനകം 496 പേർ മരിച്ചു. 14,500 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തു. ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 ആദ്യമായി പൊട്ടി പുറപ്പെട്ടത്.