ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റിലെ വ്യാജന്‍മാര്‍ക്ക് കടിഞ്ഞാണിടാന്‍ ബിസിസിഐ. വിവിധ ടൂര്‍ണമെന്‍റുകളില്‍ വ്യാജ രേഖകള്‍ ഹാജരാക്കി പങ്കെടുക്കുന്നവരെ ബിസിസിഐ രണ്ട് വര്‍ഷത്തേക്ക് വിലക്കും. സ്വദേശവും വയസും സംബന്ധിച്ച രേഖകള്‍ തെറ്റായി നല്‍കുന്നവര്‍ക്കെതിരെയാണ് ബിസിസിഐ നടപടിയുണ്ടാവുക.
ആഭ്യന്തര ക്രിക്കറ്റിലെ വ്യാജന്‍മാരെ പിടികൂടാന്‍ ബിസിസിഐ - ബിസിസിഐ വാര്‍ത്ത
സ്വദേശവും വയസും സംബന്ധിച്ച രേഖകള്‍ തെറ്റായി നല്‍കുന്നവര്‍ക്കെതിരെയാണ് ബിസിസിഐ നടപടിയുണ്ടാവുക.
ആദ്യഘട്ടമെന്ന നിലയില്‍ ഈ സീസണില്‍ ബിസിസിഐ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജരേഖ ഹാജരാക്കി ഇതിനകം ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സെപ്റ്റംബര്‍ 15ന് മുമ്പ് തിരുത്താന്‍ തയ്യാറായാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനായി വയസും സ്വദേശവും തെളിയിക്കുന്ന രേഖകളും കത്തും ഉള്‍പ്പെടെ ബോര്‍ഡിന് സമര്‍പ്പിക്കണം.
ഈ അവസരം പ്രയോജനപ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ബോര്‍ഡ് അറിയിച്ചു. വിലക്ക് നേരിടേണ്ടിവന്നാല്‍ വിവിധ സംസ്ഥാന അസോസിയേഷനുകളുടെ ടൂര്‍ണമെന്‍റില്‍ പോലും പങ്കെടുക്കാന്‍ സാധിക്കില്ല. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സേവനവും ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ പുതിയ നീക്കത്തിന് പിന്തുണയുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.