മുംബൈ:ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കാനുള്ള ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ നീക്കത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദുബായില്‍ വരുന്ന മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഐസിസി യോഗത്തില്‍ വിഷയം ചര്‍ച്ചയായാല്‍ ശക്‌തമായ എതിര്‍പ്പ് ഐസിസിയെ അറിയിക്കുമെന്ന് ബിസിസിഐ വ്യക്‌തമാക്കി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍റ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളുമായി മുംബൈയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ ബിസിസിഐ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും, സെക്രട്ടറി ജയ് ഷായുമാണ് ബിസിസിഐയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. ഐസിസി മുന്‍ ചെയര്‍മാനും, ബിസിസിഐ മുന്‍ പ്രസിഡന്‍റുമായ എന്‍. ശ്രീനിവാസനും യോഗത്തില്‍ പങ്കെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസം; എതിര്‍പ്പറിയിച്ച് ബിസിസിഐ
വിവിധ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളുമായി മുംബൈയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തില്‍ ബിസിസിഐ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടിവായ കെവിന്‍ റോബര്‍ട്ടാണ് അഞ്ച് ദിവസത്തെ ടെസ്‌റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി കുറയ്‌ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മാസം നടന്ന പ്രസ്‌താവന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ സമ്മിശ്ര പ്രതികരണാണ് പുറത്തുവരുന്നതെങ്കിലും കൂടുതല്‍ പേരും ഉന്നയിക്കുന്നത് മത്സരദിനങ്ങളുടെ എണ്ണം കുറയ്‌ക്കരുതെന്നാണ്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയും, ഇതിഹാസ താരങ്ങളായ സച്ചില്‍ തെണ്ടുല്‍ക്കറും, ഷെയ്‌ൻ വോണും വിഷയത്തില്‍ ശക്‌തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ദിവസം കുറയ്‌ക്കണമെന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാടിനെ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ പിന്തുണയ്‌ക്കുന്നുണ്ട്.