മുംബൈ:ഐസിസിയുടെ ചതുർദിന ടെസ്‌റ്റ് മത്സരമെന്ന ആശയത്തില്‍ ആദ്യമായി പ്രതികരിച്ച് ബിസിസിഐ. വിഷയത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പരിശീലകന്‍ രവിശാസ്‌ത്രിയുടെയും അഭിപ്രായത്തെ പിന്തുണക്കുന്നതായി ബിസിസിഐ അധികൃതർ വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോർഡുമായും ഇക്കാര്യം സംസാരിക്കും. ജനുവരി 12-ന് മുംബൈയില്‍ നടക്കുന്ന ബിസിസിഐയുടെ പുരസ്‌ക്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇതു സംബന്ധിച്ച ചർച്ചക്ക് അരങ്ങൊരുങ്ങുകയെന്നും അധികൃതർ പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവിശാസ്‌ത്രിയും ടെസ്‌റ്റ് മത്സരം അഞ്ച് ദിവസത്തില്‍ നിന്നും നാലാക്കി ചുരുക്കുന്നതിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.
അഞ്ച് ദിവസത്തില്‍ നിന്നും നാല് ദിവസമായി ടെസ്‌റ്റ് ക്രിക്കറ്റ് ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ശ്രീലങ്കക്കെതിരായ ട്വന്‍റി-20 പരമ്പരക്ക് മുന്നോടിയായാണ് കോലി ആവശ്യപെട്ടത്. ക്രിക്കറ്റിന്‍റെ വാണിജ്യ വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പകല്‍ രാത്രി ടെസ്‌റ്റ് മത്സരം ഉൾപ്പെടെ പ്രാബല്യത്തില്‍ വന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന അടുത്ത പരിഷ്‌ക്കാരമാണ് ചതുർദിന ടെസ്‌റ്റെന്നും കോലി അന്ന് പറഞ്ഞിരുന്നു.