പൊച്ചെഫെസ്‌ട്രൂം:അണ്ടർ 19 ലോകകപ്പില്‍ പ്രഥമ കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ത്യ ഉയർത്തിയ 178 റണ്‍സെന്ന വിജയ ലക്ഷ്യം ബംഗ്ലാദേശ് 23 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് മറികടന്നു. മഴ കളി തടസപ്പെടുത്തിയതിനെ തുടർന്ന് ഡിആർഎസ് നിയമപ്രകാരം വിജയ ലക്ഷ്യം 170 റണ്‍സായി പുനഃക്രമീകരിച്ചു. ഈ തീരുമാനം ബംഗ്ലാദേശിന് ഗുണകരമായി മാറി.
അണ്ടർ 19 ലോകകപ്പ്; കിരീടം സ്വന്തമാക്കി ബംഗ്ലാ കടുവകൾ
ആദ്യമായി അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കി ബംഗ്ലാദേശ്. പൊച്ചെഫെസ്‌ട്രൂമില്‍ മഴ തടസപ്പെടുത്തിയ കളിയില്‍ ഡിആർഎസ് നിയമപ്രകാരം ഇന്ത്യ ഉയർത്തിയ 170 റണ്‍സെന്ന വിജയ ലക്ഷ്യം 23 പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് മറികടന്നു
77 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്ബർ അലിയാണ് ബംഗ്ലാദേശിന്‍റെ വിജയ ശില്‍പി. ആറ് വിക്കറ്റിന് 52 റണ്‍സെന്ന നിലയില്‍ തകർന്നടിഞ്ഞ ബംഗ്ലാദേശിനെ അക്‌ബർ അലിയാണ് കരകയറ്റിയത്. ഒരു സിക്‌സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഓപ്പണർ പർവേസ് 79 പന്തില്‍ 47 റണ്‍സെടുത്തും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി നാല് വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ സുശാന്ത് മിശ്ര രണ്ട് വിക്കറ്റും യശസ്വി ജയ്സ്വാൾ ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 177 റണ്‍സിന് പുറത്താക്കി. ബാറ്റ്സ്‌മാന്‍മാർ ഒരോരുത്തരായി കൊഴിഞ്ഞു പോയപ്പോഴും 88 റണ്‍സോടെ അർദ്ധ സെഞ്ച്വറിയുമായി പിടിച്ചുനിന്ന യശ്വസി ജയ്‍സ്വാള്‍ ആണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോര്‍ നേടി കൊടുത്തത്. 121 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. 38 റണ്‍സെടുത്ത തിലക് വര്‍മയും, 22 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ധ്രുവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.
ബംഗ്ലാദേശിനായി അവിഷേക് ദാസ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ഷൊരീഫുൾ ഇസ്ലാമും ഹസ്സന്‍ സാക്കിബും രണ്ട് വിക്കറ്റ് വീതവും റാക്കിബുല്‍ ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നായകന്‍ അക്ബർ അലിയെ കളിയിലെ താരമായി തെരഞ്ഞെടുത്തപ്പോൾ പരമ്പരയിലെ താരമായി ഇന്ത്യന്‍ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ തെരഞ്ഞെടുത്തു.