സിഡ്‌നി:സിഡ്‌നി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ടീം ഇന്ത്യക്ക് മോശം തുടക്കം. 375 റണ്‍സെന്ന വിജയ ലക്ഷം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 105 റണ്‍സെടുത്തു. 33 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും ഒരു റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്തും നായകന്‍ വിരാട് കോലി 21 റണ്‍സെടുത്തും നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ രണ്ട് റണ്‍സെടുത്തും ലോകേഷ് രാഹുല്‍ 12 റണ്‍സെടുത്തും പുറത്തായി. പേസര്‍ ജോഷ് ഹെസില്‍വുഡ് ഓസ്‌ട്രേലിയക്ക് വേണ്ടി മൂന്ന് വിക്കറ്റും ആദം സാംപ ഒരു വിക്കറ്റും വീഴ്‌ത്തി. ഹേസില്‍വുഡിന്‍റെ പന്തില്‍ ക്യാച്ച് വഴങ്ങിയാണ് മൂന്ന് പേര്‍ പുറത്തായത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 156 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ഫിഞ്ച് സെഞ്ച്വറിയോടെ 114 റണ്‍സെടുത്തും വാര്‍ണര്‍ അര്‍ദ്ധസെഞ്ച്വറിയോടെ 69 റണ്‍സെടുത്തും പുറത്തായി. മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്‌മിത്ത് 66 പന്തില്‍ അര്‍ദ്ധെസഞ്ച്വറിയോടെ 105 റണ്‍സെടുത്തു. സ്‌മിത്തിന്‍റെ പ്രകടനം ഓസിസ് നിരയുടെ ആത്മവിശ്വാസം കൂട്ടി.
മൂന്ന് പേരെയും കൂടാതെ 19 പന്തില്‍ 45 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 17 റണ്‍സെടുത്ത അലക്‌സ് കാരിയും രണ്ടക്കം കടന്നു. ഓസിസ് നിരക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സ്‌വെല്ലിന്‍റെ ഇന്നിങ്സ്.
ടീം ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയപ്പോള്‍ ജസ്‌പ്രീത് ബുമ്ര, നവദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.