കേരളം

kerala

ETV Bharat / sports

ഒരു ദിവസവും എട്ട് (ഏഴ്) വിക്കറ്റും ബാക്കിയുണ്ട്: ഇന്ത്യയ്ക്ക് ജയിക്കാൻ 309 റൺസ്

തോല്‍വി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ നല്ല വിയർപ്പൊഴുക്കേണ്ടി വരും. അഞ്ചാംദിനം 100 ഓവറിലേറെ പിടിച്ചു നില്‍ക്കേണ്ടതിനാല്‍ ഇന്ത്യ തോല്‍വി ഒഴിവാക്കി സമനിലയ്ക്കായി ശ്രമിക്കാനാണ് സാധ്യത.

Australia vs India, 3rd Test
ഇന്ത്യയ്ക്ക് ജയിക്കാൻ 309 റൺസ്

By

Published : Jan 10, 2021, 5:38 PM IST

സിഡ്‌നി: ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. സിഡ്‌നിയില്‍ ഒരു ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ 309 റൺസ് കൂടി വേണം. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ വിരലിന് പരിക്കേറ്റ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ജഡേജ ബാറ്റ് ചെയ്യാൻ എത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകൾ മാത്രമാകും ഇനി ബാക്കിയുണ്ടാകുക.

ഓസീസ് ഉയർത്തിയ 407 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ തുടങ്ങിയ ഇന്ത്യക്ക് നാലാം ദിനം രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമായ രോഹിത് ശർമ ( 98 പന്തില്‍ 52), ശുഭ്‌മാൻ ഗില്‍ (64 പന്തില്‍ 31) എന്നിവരാണ് പുറത്തായത്. തുടർച്ചയായ രണ്ടാം ഇന്നിംഗ്സിലും അർധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ഇന്ത്യൻ ഓപ്പണർമാർ മടങ്ങിയത്.

നാലാം ദിനം കളി നിർത്തുമ്പോൾ ഒൻപത് റൺസുമായി ചേതേശ്വർ പുജാരയും നാല് റൺസുമായി നായകൻ അജിങ്ക്യ റഹാനെയുമാണ് ക്രീസില്‍. അതേസമയം, തോല്‍വി ഒഴിവാക്കാൻ ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ നല്ല വിയർപ്പൊഴുക്കേണ്ടി വരും. അഞ്ചാംദിനം 100 ഓവറിലേറെ പിടിച്ചു നില്‍ക്കേണ്ടതിനാല്‍ ഇന്ത്യ തോല്‍വി ഒഴിവാക്കി സമനിലയ്ക്കായി ശ്രമിക്കാനാണ് സാധ്യത.

ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസീസിന് വേണ്ടി മാർനസ് ലബുഷെയിൻ (73), സ്റ്റീവ് സ്‌മിത്ത് (81), കാമറൂൺ ഗ്രീൻ (84) എന്നിവർ അർധസെഞ്ച്വറി നേടി.

ABOUT THE AUTHOR

...view details