മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍. ബിസിസിഐ ഓസിസ് പര്യടനത്തിനുള്ള വിവിധ ടീമുകളെ പുനഃസംഘടിപ്പിച്ചപ്പോഴാണ് സഞ്ജുവിന് അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനായാണ് സഞ്ജുവിനെ ടീമില്‍ എടുത്തിരിക്കുന്നത്.
നേരത്തെ താരത്തിന് ടി20 ടീമില്‍ അവസരം ലഭിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ മറ്റ് ഏഴ് മാറ്റങ്ങളും പര്യടനത്തിനുള്ള ടീമുകളില്‍ ബിസിസിഐ വരുത്തിയിട്ടുണ്ട്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ നായകന്‍ വിരാട് കോലി ഇന്ത്യയിലേയ്ക്ക് മടങ്ങും. അതേസമയം ഫിറ്റ്‌നസ് തെളിയിച്ച രോഹിത് ശര്‍മ ഓസിസ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കും. ഏകദിന, ടി20 മത്സരങ്ങളില്‍ രോഹിതിന് ബിസിസിഐ വിശ്രമം അനുവദിച്ചു.
നിലവില്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ കഴിയുന്ന പേസര്‍ ഇശാന്ത് ശര്‍മ ഫിറ്റ്നസ് തെളിയിക്കുന്ന പക്ഷം ടെസ്റ്റ് ടീമിന്‍റെ ഭാഗമാകും. പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള ടി നടരാജന്‍ ടി20 ടീമിന്‍റെ ഭാഗമായി. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് നടരാജന് തുണയായത്. വൃദ്ധിമാന്‍ സാഹയെ പര്യടനത്തിനുള്ള ടീമുകളുടെ ഭാഗമാക്കുന്ന കാര്യം പിന്നീടെ പരിഗണിക്കൂ. ഐപിഎല്‍ മത്സരങ്ങള്‍ക്കിടയിലുണ്ടായ പരിക്കുകളെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം. ബിസിസിഐയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്‍റിന്‍റെ ഭാഗമായി യുവ ബൗളര്‍ കമലേഷ് നര്‍ഗോട്ടിയെയും തല്‍ക്കാലം ടീമിലേക്ക് പരിഗണിക്കില്ല.
മൂന്ന് വീതം ടി20യും ഏകദിനങ്ങളും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി നാല് ടെസ്റ്റ് മത്സരങ്ങളും ടീം ഇന്ത്യ കളിക്കും. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം ഈ മാസം 12ാം തീയ്യതിയോടെ യാത്ര തിരിക്കും. ക്വാറന്‍റെന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 27ന് ആദ്യ ഏകിദന മത്സരം ടീം ഇന്ത്യ കളിക്കും. ടി20 പരമ്പര ഡിസംബര്‍ നാലിനും ബോര്‍ഡര്‍ ഗവാര്‍സ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് മത്സരം ഡിസംബര്‍ 17നും തുടങ്ങും.