മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ലീഡ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഓസിസ് ആറ് വിക്കറ്റ് ശേഷിക്കെ 456 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി.
ഓസ്‌ട്രേലിയക്ക് 456 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡ് 15 റണ്‍സെടുത്ത മാത്യു വെയ്‌ഡും 12 റണ്‍സെടുത്ത ട്രാവിസ് ഹെഡുമാണ് ക്രീസില്‍. 38 റണ്‍സെടുത്ത ഡേവിഡ് വാർണർ, 35 റണ്‍സെടുത്ത ജോ ബേണ്‍സ്, 19 റണ്‍സെടുത്ത ലംബുഷെയിന്‍, ഏഴ് റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ആതിഥേയർക്ക് നഷ്ടമായത്. കിവീസിനായി വാഗ്നർ രണ്ട് വിക്കറ്റും മിച്ചല്‍ സാന്‍റ്നർ ഒരു വിക്കറ്റും എടുത്തു.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയില്‍ ന്യൂസിലന്‍റാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. ഓസിസ് ഉയർത്തിയ 467 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന സന്ദർശകർക്ക് പേസാക്രമണത്തിന് മുന്നില്‍ അടിപതറി. 148 റണ്‍സ് എടുത്ത് കിവീസ് കൂടാരം കയറി. 50 റണ്‍സെടുത്ത അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ ടോം ലാത്തം മാത്രമാണ് ന്യൂസിലന്‍റ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ആറ് കിവീസ് ബാറ്റ്സ്‌മാന്‍മാർക്ക് രണ്ടക്കം തികക്കാനായില്ല. നായകന്‍ കെയിന്‍ വില്യംസണ്‍ ഒമ്പത് റണ്‍സെടുത്തും റോസ് ടെയ്‌ലർ നാല് റണ്‍സെടുത്തും ബിജെ വാട്‌ലിങ് എഴ് റണ്‍സെടുത്തും പുറത്തായി. ഓസിസ് ബോളർ പാറ്റ് കമ്മിന്‍സ് 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ ജെയിംസ് പാറ്റിസണ്‍ മൂന്ന് വിക്കറ്റുകളും മിച്ചല്‍ സ്‌റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി.
മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ നേരത്തെ പെർത്തില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 296 റണ്‍സിന്‍റ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 1-0 ത്തിന്‍റെ ലീഡ് നേടിയ ഓസിസ് മെല്‍ബണില്‍ ജയിച്ച് പരമ്പ സ്വന്തമാക്കാനാകും ഞായറാഴ്‌ച്ചയും തിങ്കളാഴ്ച്ചയും ശ്രമിക്കുക. നാലാം ദിവസമായ ഞായറാഴ്ച്ച ലഞ്ചിന് മുമ്പ് പരമാവധി റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ച് ന്യൂസിലന്‍റിനെ ബാറ്റിങ്ങിന് അയക്കാനാകും ഓസിസ് നായകന്‍ ടിം പെയിന്‍റെ തീരുമാനം.