മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ന്യൂസിലാന്‍റിന് എതിരെ ഓസ്‌ട്രേലിയക്ക് 247 റണ്‍സിന്‍റെ കൂറ്റന്‍ ജയം. മെല്‍ബണില്‍ 488 റണ്‍സെന്ന ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് ലീഡ് പിന്തുടർന്ന കിവീസ് നാലാം ദിവസം 240 റണ്‍സെടുത്ത് കൂടാരം കയറി. സെഞ്ച്വറിയോടെ 121 റണ്‍സെടുത്ത ടോം ബ്ലണ്ടല്‍ മാത്രമാണ് സന്ദർശകർക്ക് ഇടയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 33 റണ്‍സെടുത്ത ഹെന്‍റി നിക്കോള്‍സ്, 22 റണ്‍സെടുത്ത ബിജെ വാള്‍ട്ടിങ്, 27 റണ്‍സെടുത്ത മിച്ചല്‍ സാന്‍റ്നർ എന്നിവർ മാത്രമാണ് ന്യൂസിലാന്‍റ് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്‌മാന്‍മാർ.
മെല്‍ബണിലും ഓസിസ്; 247 റണ്‍സിന്‍റെ കൂറ്റന്‍ വിജയം - ക്രിക്കറ്റ് ഒസ്‌ട്രേലിയ വാർത്ത
മെല്‍ബണില്‍ ന്യൂസിലാന്‍റിനെതിരായ ടെസ്റ്റ് മത്സരം ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി
ഓസിസിനായി രണ്ടാം ഇന്നിങ്സില്‍ നാഥന്‍ ലിയോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റിസണ്‍ മൂന്ന് വിക്കറ്റും ലംബുഷെയിന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞടുത്ത കിവീസിനെതിരെ അതിഥേയർ 467 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർ 148 റണ്‍സെടുത്ത് പുറത്തായി. ഇതേ തുടർന്ന് രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 168 റണ്‍സെടുത്ത് ഓസിസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 447 റണ്‍സിന്‍റെ രണ്ടാം ഇന്നിങ്സ് ലീഡാണ് അതിഥേയർ സ്വന്തമാക്കിയത്. മെല്‍ബണില്‍ ജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. നേരത്തെ പെർത്തില്‍ നടന്ന ആദ്യ ടെസ്റ്റിലും 296 റണ്‍സിന്‍റെ കൂറ്റന്‍ ജയം ഓസിസ് സ്വന്തമാക്കിയിരുന്നു.