മെല്‍ബണ്‍: ന്യൂസിലാന്‍റിന് എതിരായ ടെസ്‌റ്റ് പരമ്പരക്കായി നേരത്തെ പാകിസ്ഥാന് എതിരെയുള്ള പരമ്പര സന്തമാക്കിയ ടീമിനെ നിലനിർത്തുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. ന്യൂസിലാന്‍റിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ പെർത്തില്‍ തുടക്കമാകും. ഈ സാഹചര്യത്തിലാണ് ഓസീസ് നായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ പാകിസ്ഥാന് എതിരെ സ്വന്തം മണ്ണില്‍ നടന്ന ടെസ്‌റ്റ് പരമ്പരയില്‍ ഓസിസ് ടീം സമ്പൂർണ ആധിപത്യം നേടിയിരുന്നു. ആദ്യ ടെസ്‌റ്റ് ഇന്നിങ്സിനും അഞ്ച് റണ്‍സിനും രണ്ടാമത്തെ ടെസ്‌റ്റ് ഇന്നിങ്സിനും 48 റണ്‍സിനുമാണ് ഓസിസ് ടീം സ്വന്തമാക്കിയത്.
പാകിസ്ഥാന് എതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഉൾപ്പെടെ മികച്ച രീതിയിലാണ് ടീം കളിച്ചതെന്ന് ഓസിസ് നായകന്‍ ടിം പെയ്ൻ പറഞ്ഞു. സ്ഥിരതയാർന്ന ടീമിനെ രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. ടീം അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതായും അതിനാല്‍ ടീമിനെ നിലനിർത്തിയെന്നും പെയ്ന്‍ കൂട്ടിചേർത്തു.
മത്സരങ്ങൾക്കിടയിൽ യുക്തിസഹമായ ഇടവേള ആവശ്യമാണെന്നും അതിനാല്‍ വരാന്‍ പോകുന്ന രണ്ട് ടെസ്‌റ്റുകൾക്കായി വ്യത്യസ്ത ഇലവനുകളെ കുറിച്ച് അലോചിക്കുന്നു. എല്ലാ ഫാസ്‌റ്റ് ബോളർമാരും കളിക്കാന്‍ തയ്യാറാണ്, മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതേസമയം ശക്തമായ ടീമാണ് ഓസിസെന്നും പാകിസ്ഥാന് എതിരെ ശക്തമായ പ്രകടമാണ് കാഴ്ച്ചവെച്ചതെന്ന് കിവീസ് നായകന്‍ കെയിന്‍ വില്യംസും കൂട്ടിചേർത്തു. മൂന്ന് ടെസ്‌റ്റുകൾ ഉള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം മെല്‍ബണിലും അവസാനത്തെ മത്സരം സിഡ്നിയിലും നടക്കും.