അപൂർവമായ റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ വനിത ടീമിന്‍റെ വിക്കറ്റ്കീപ്പർ അലീസ ഹീലി. ഏറ്റവും ഉയരത്തില്‍ നിന്നുള്ള ക്യാച്ചെടുത്തതിനുള്ള ഗിന്നസ് റെക്കോഡാണ് ഹീലി സ്വന്തമാക്കിയത്.
ഓസീസ് വനിത താരത്തിന് ഗിന്നസ് റെക്കോഡ് - AUSTRALIA WOMEN CRICKET
82.5 മീറ്റർ ഉയരത്തില്‍ നിന്നുള്ള ക്യാച്ചാണ് അലീസ ഹീലി കൈപ്പിടിയിലൊതുക്കിയത്. ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാർക്കിന്‍റെ ഭാര്യയാണ് ഹീലി.
ഓസ്ട്രേലിയൻ പേസ് ബൗളർ മിച്ചല്‍ സ്റ്റാർക്കിന്‍റെ ഭാര്യയായ അലീസ ഹീലി മെല്‍ബൺ ക്രിക്കറ്റ് മൈതാനത്ത് വച്ചാണ് ഈ വിസ്മയപ്രകടനം കാഴ്ചവച്ചത്. ഡ്രോൺ ഉപയോഗിച്ച് 82.5 മീറ്റർ ഉയരത്തില്‍ നിന്ന് താഴേക്കിട്ട പന്ത് താരം കൈകളിലൊതുക്കി. ക്രിസ്റ്റൻ ബോംഗാർട്ണർ 62 മീറ്റർ ഉയരത്തില്‍ നിന്നെടുത്ത ക്യാച്ചിന്‍റെ റെക്കോർഡാണ് ഹീലി മറികടന്നത്. ആദ്യ രണ്ട് ശ്രമങ്ങളില്‍ ക്യാച്ച് കൈവിട്ട താരം മൂന്നാം ശ്രമത്തില്‍റെക്കോഡ് സ്വന്തം പേരിലാക്കി.
2018ലെ ഐസിസി ടി-20 താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ അലീസ ഹീലി നാല് ടി-20 ലോകകപ്പുകളും നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്ക് വേണ്ടി 61 ഏകദിനങ്ങളും 92 ടി-20കളിലുംതാരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് മുൻ നായകൻ നാസർ ഹുസൈനും ഈ റെക്കോഡ് നേരത്തെ സ്വന്തമാക്കിയിരുന്നു. 32 മീറ്റർ ഉയരത്തിലുള്ള ക്യാച്ചാണ് ഹുസൈൻ എടുത്തത്.