മെല്‍ബണ്‍: ക്രിസ്‌തുമസിന് ശേഷമുള്ള ബോക്‌സിങ് ഡേ ടെസ്‌റ്റ് എന്നും ഓസ്‌ട്രേലിയ ആഘോഷമാക്കാറാണ് പതിവ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഓസിസ് ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്ത് റെക്കോഡ് നേട്ടം കൊയ്‌തു. ടെസ്‌റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ റണ്‍വേട്ടക്കാരില്‍ ആദ്യ 10-ലാണ് താരം സ്ഥാനം ഉറപ്പിച്ചത്. മെല്‍ബണില്‍ ന്യൂസിലാന്‍റിന് എതിരായ ബോക്‌സിങ്ങ് ഡേ ടെസ്‌റ്റിലാണ് സ്‌മിത്ത് ഈ നാഴികക്കല്ല് പിന്നിട്ടത്. 7,110 റണ്‍സെടുത്ത മുന്‍ ഓസിസ് ടെസ്‌റ്റ് നായകന്‍ ഗ്രേഗ് ചാപ്പലിനെയാണ് താരം മറികടന്നത്.
ബോക്‌സിങ് ഡേ സൂപ്പറാക്കി സ്‌റ്റീവ് സ്‌മിത്ത്;റണ്‍ വേട്ടക്കാരില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു
ക്രിസ്‌തുമസിന് ശേഷമുള്ള ബോക്‌സിങ്ങ് ഡേ ടെസ്‌റ്റില്‍ റെക്കോഡ് നേട്ടം കൈവരിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്ത്. ടെസ്‌റ്റ് മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓസിസ് താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി സ്‌മിത്ത്
168 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്ന് 13,378 റണ്‍സെടുത്ത റിക്കി പോണ്ടിങാണ് പട്ടികയില്‍ ഒന്നാമത്. 156 ടെസ്‌റ്റില്‍ നിന്നും 11,174 റണ്‍സെടുത്ത ഓസ്‌ട്രേലിയുടെ ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോർഡറാണ് രണ്ടാമത്. 10,927 റണ്‍സെടുത്ത സ്റ്റീവോ മൂന്നാമതും 8643 റണ്‍സെടുത്ത മൈക്കല്‍ ക്ലാർക്ക് നാലാമതുമാണ്. 8,625 റണ്‍സെടുത്ത മാത്യു ഹെയ്‌ഡനാണ് അഞ്ചാമത്. അതേസമയം ആന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ടെസ്‌റ്റ് മത്സരങ്ങളിലെ റണ്‍വേട്ടയില്‍ ഒന്നാമതുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 200 ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും 15,921 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം.
ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ നിലവില്‍ രണ്ടാമതാണ് സ്‌മിത്ത്. ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. ഏറെ കാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്‌മിത്ത് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മോശം ഫോമിലായതിനെ തുടർന്ന് അടുത്തിടെയാണ് റാങ്കിങ്ങില്‍ രണ്ടാമതായത്.