കൊല്‍ക്കത്ത:പകല്‍-രാത്രി മത്സരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവിയെന്ന് ബംഗ്ലാദേശ് ബൗളിങ്ങ് പരിശീലകനും ന്യൂസിലന്‍റിന്‍റെ മുന്‍ താരവുമായ ഡാനിയല്‍ വെട്ടോറി. ഈഡന്‍ ഗാര്‍ഡനിലെ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിക്കറ്റിന്‍റെ ഭാവി പകല്‍-രാത്രി ടെസ്റ്റുകളിലെന്ന് ഡാനിയല്‍ വെട്ടോറി
ഏകദിന-ട്വന്‍റി-20 മത്സരങ്ങൾക്ക് സമാന അന്തരീക്ഷമാണ് ഈഡനിലെ ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാവുകയെന്ന് ന്യൂസിലന്‍റിന്‍റെ മുന്‍ താരവും ബംഗ്ലാദേശ് ബൗളിങ്ങ് പരിശീലകനുമായ ഡാനിയല്‍ വെട്ടോറി
ഏകദിന, ട്വന്‍റി-20 മത്സരങ്ങൾക്ക് സമാന അന്തരീക്ഷമാണ് ഈഡനിലെ ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാവുക. ടെസ്റ്റ് മത്സരങ്ങള്‍ രാത്രിയിലേക്ക് കൂടി നീട്ടുകയാണെങ്കില്‍ കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാനാകും. തനിക്ക് പിങ്ക് ബോൾ മത്സരങ്ങൾ ടിവിയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂവെങ്കിലും അവ ആസ്വദിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പകല്‍-രാത്രി ടെസ്റ്റ് മത്സരം കളിക്കുന്നതിനെ എതിർത്തെങ്കിലും ബിസിസിഐ പ്രസിഡന്‍റ് ഗാംഗുലി മുന്‍കൈ എടുത്ത് പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിന് വേദി ഒരുക്കുകയായിരുന്നു.
സ്‌പിന്നേഴ്‌സിന് പിങ്ക് ബോളില്‍ പൊതുവേ നിര്‍ണായക പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ നേരത്തേ സൂര്യന്‍ അസ്തമിക്കുന്നതിനാല്‍ ചെറിയ വ്യത്യാസമുണ്ടെന്നും വെട്ടോറി വ്യക്തമാക്കി. പകല്‍ വെളിച്ചത്തില്‍ പിങ്ക് ബോൾ ഉപയോഗിച്ച് സാധാരണപോലെ കളിക്കാനാകും. എന്നാല്‍ വ്യത്യാസം അനുഭവപ്പെടുക കളി രാത്രികാലത്തേക്ക് കടക്കുന്നതോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്‌ച ബംഗ്ലാദേശ് ടീം രണ്ട് മണിക്കൂറിലധികം പിങ്ക് ബോളില്‍ പരിശീലനം നടത്തി. വെട്ടോറി കിവീസിന് വേണ്ടി 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 362 വിക്കറ്റുകൾ എടുത്തിട്ടുണ്ട്.