സൂറത്ത്; ആവേശം കൈവിടാതെ കളിച്ച തമിഴ്നാടിനെ ഒരു റണ്ണിന് കീഴടക്കി സയ്യിദ് മുഷ്താഖ് അലി ട്വൻടി-20 കിരീടം കർണാടക നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത കർണാടക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റൺസ് നേടിയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത തമിഴ്നാടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ തമിഴ്നാടിന് ജയിക്കാൻ 13 റൺസ് വേണമായിരുന്നു.
കൃഷ്ണപ്പ ഗൗതം എറിഞ്ഞ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി നേടി ആർ അശ്വിൻ തമിഴ്നാടിന് പ്രതീക്ഷ നല്കി. മൂന്നാം പന്തില്‍ റൺ വിട്ടുകൊടുക്കാതെ ഗൗതം കളി തിരിച്ചുപിടിച്ചു. നാലാം പന്തില്‍ ഒരു റൺ മാത്രമാണ് അശ്വിൻ നേടിയത്. അഞ്ചാം പന്തില്‍ മികച്ച ഫോമില്‍ 27 പന്തില്‍ 44 റൺസ് നേടി ബാറ്റു ചെയ്യുകയായിരുന്ന വിജയ് ശങ്കർ റൺ ഔട്ടായി. അവസാന പന്തില്‍ മൂന്ന് റൺ വേണമെന്നിരിക്കെ ഒരു റൺ മാത്രമാണ് ഗൗതം വിട്ടുകൊടുത്തത്.